നെടുമ്പാശ്ശേരിയിൽ ഹെലികോപ്‌റ്റര്‍ തകര്‍ന്നു വീണു; ഒരാൾക്ക് പരിക്ക്
🎬 Watch Now: Feature Video
എറണാകുളം: കൊച്ചി നെടുമ്പാശ്ശേരിയിൽ പരിശീലന പറക്കലിനിടെ ഹെലികോപ്‌റ്റര്‍ തകര്‍ന്നു വീണു. പൈലറ്റ് ഉൾപ്പടെ മൂന്നു പേരുമായി മുകളിലേക്ക് പറന്ന് ഉയരുന്നതിനിടെയാണ് ഹെലികോപ്റ്റർ നിലം പതിച്ചത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു.
ഇന്ന് ഉച്ചയ്ക്ക് 12:25 ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റൺവേയ്ക്ക് സമീപമാണ് ഹെലികോപ്‌റ്റര്‍ തകര്‍ന്നു വീണത്. കോസ്റ്റ് ഗാര്‍ഡിന്‍റെ ഹെലികോപ്‌റ്ററാണ് അപകടത്തില്‍പ്പെട്ടത്. സംഭവം നടന്നയുടൻ രക്ഷാപ്രവർത്തനം തുടങ്ങുകയും പരിക്കേറ്റ സുനിൽ ലോട്‌ലയെ (26) ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു.
ഇതോടെ അപകടം നടന്നതിന് സമീപത്തെ റൺവേ അടച്ചു. ഇവിടെ ഇറങ്ങേണ്ട വിമാനങ്ങൾ തിരുവനന്തപുരം, കോയമ്പത്തൂർ വിമാനത്താവളങ്ങളിലേക്ക് തിരിച്ച് വിട്ടു. തകർന്ന ഹെലികോപ്റ്ററിന്‍റെ അവശിഷ്‌ടങ്ങൾ നീക്കം ചെയ്‌ത ശേഷമായിരിക്കും റൺവേ തുറക്കുക.
സാങ്കേതിക തകരാർ കാരണമാണ് ഹെലികോപ്റ്റർ തകർന്ന് വീണത് എന്നാണ് പ്രാഥമിക നിഗമനം. നെടുമ്പാശ്ശേരി വിമാനത്താവളത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം ഒരു അപകടം സംഭവിച്ചത്. ഹെലികോപ്‌റ്റർ റൺവേയിൽ നിന്ന് നീക്കാനുള്ള ശ്രമം തുടരുകയാണെന്നാണ് റിപ്പോർട്ട്.