കോട്ടയം : ഇടുക്കി പുല്ലുപാറ കെഎസ്ആർടിസി ബസ് അപകടത്തിൽ മരിച്ച നാല് യാത്രക്കാരുടേയും പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം സ്വദേശമായ മാവേലിക്കരയിലേക്ക് കൊണ്ട് പോകും. മാവേലിക്കര സ്വദേശികളായ രമ മോഹന്‍, അരുണ്‍ ഹരി, സംഗീത്, ബിന്ദു നാരായണന്‍ എന്നിവരാണ് അപകടത്തിൽ മരിച്ചത്.
അതേസമയം സംഗീതിന്‍റെ മൃതദേഹം മൊബൈൽ മോർച്ചറിയിൽ വീട്ടിൽ സൂക്ഷിക്കും. സംസ്‌കാരം നാളെ (ജനുവരി 7) രാവിലെ 10ന് വീട്ടുവളപ്പിൽ നടത്തും. അരുൺ ഹരി, രമ മോഹൻ എന്നിവരുടെ മൃതദേഹം മാവേലിക്കര ഗവൺമെൻ്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. ബിന്ദുവിൻ്റെ മൃതദേഹം നൂറനാട് സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും. നാളെ വൈകിട്ട് നാലിന് വീട്ടുവളപ്പിൽ സംസ്‌കരിക്കും.
അതേസമയം അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഗതാഗത മന്ത്രി കെബി ഗണേഷ്‌കുമാർ കെഎസ്ആർടിസിയുടെ അടിയന്തര സഹായം പ്രഖ്യാപിച്ചു. അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. മാത്രമല്ല പരിക്കേറ്റവരുടെ ചികിത്സ ചെലവും കെഎസ്ആര്‍ടിസി വഹിക്കുമെന്നും അദ്ദേഹം വ്യക്തമക്കി. സംഭവത്തിൽ കെഎസ്ആര്‍ടിസിയുടെ അന്വേഷണം നടക്കുന്നുവെന്നും ഗണേഷ്‌കുമാർ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഇന്ന് രാവിലെ 6.15 ഓടെയായിരുന്നു അപകടം നടന്നത്. താഴ്‌ചയിലേക്ക് മറിഞ്ഞ ബസിനടിയിൽപ്പെട്ടവരാണ് മരിച്ചത്. കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ കൊടും വളവുകൾ നിറഞ്ഞ റോഡിൽ ഒരു ഭാഗം കൊക്കയാണ്. ബ്രേക്ക് നഷ്‌ടപ്പെട്ട് വാഹനം റോഡിൻ്റെ ബാരിക്കേഡ് തകർത്ത് താഴ്‌ചയിലേക്ക് മറിയുകയായിരുന്നു. സമീപത്തെ മരങ്ങളിൽ ബസ് തട്ടി നിന്നതിനാലാണ് വലിയ അപകടം ഒഴിവായത്. ഫയർഫോഴ്‌സ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Also Read: കെഎസ്‌ആര്‍ടിസി ബസ് താഴ്‌ചയിലേക്ക് മറിഞ്ഞു; നാല് മരണം, രണ്ട് പേരുടെ നില ഗുരുതരം