Heavy Rain In Thiruvananthapuram: തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ; വ്യാപകമായ നാശനഷ്‌ടങ്ങൾ
🎬 Watch Now: Feature Video
തിരുവനന്തപുരം : മഴക്കെടുതിയിൽ തിരുവനന്തപുരം ജില്ലയിൽ (Heavy Rain In Thiruvananthapuram) വ്യാപകമായ നാശനഷ്‌ടങ്ങൾ. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പത്തോളം സംഭവങ്ങളിൽ അഗ്നിരക്ഷ സേന രക്ഷാപ്രവർത്തനം നടത്തി. ഇന്നലെ രാവില എട്ട് മണിക്ക് മണ്ണന്തല മുക്കോല പണ്ടാരവിളയിൽ തെങ്ങ് വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. 10:30ഓടുകൂടി തിരുമല വിജയ മോഹിനി മില്ലിന് സമീപം മിലിറ്ററി കാന്‍റീന് മുകളിലൂടെ മരം വീണ് അപകടമുണ്ടായി. പൂജപ്പുര വനിത ജയിൽ ക്വാർട്ടേഴ്‌സിന്‍റെ ഭാഗത്തും രാവിലെ 11:30ഓടെ മരം മറിഞ്ഞു വീണു. ഉച്ചയ്ക്ക് ശേഷം രണ്ടരക്ക് ദേവസ്വം ബോർഡ് ജങ്‌ഷനിലെ ഗ്രാൻഡ് ബസാർ സൂപ്പർമാർക്കറ്റിലെ മീറ്റർ ബോർഡിൽ വെള്ളം ഇറങ്ങിയതിനെ തുടർന്നുണ്ടായ തീപിടിത്തം ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് അണച്ചു. പാപ്പനംകോട് വിശ്വംഭര റോഡിൽ പുഷ്‌പ നഗറില്‍ ബൈക്ക് ചെളിയിൽ കുടുങ്ങി അപകടമുണ്ടായി. രാത്രി ഏഴരയ്ക്ക് കരമന നെടുങ്കാട് റോഡിൽ മതിൽ ഇടിഞ്ഞ് വീണു. പാറോട്ടുകോണത്തും വീടിന്‍റെ മതിൽ ഇടിഞ്ഞ് വീണു. കനത്ത മഴയിൽ ശാസ്‌തമംഗലം കൊച്ചാർ റോഡ്, ഗൗരീശപട്ടം തേക്കും മൂട്, ഇടപ്പഴിഞ്ഞി ചിത്ര നഗർ എന്നിവിടങ്ങളിൽ വീടുകളിൽ വെള്ളം കയറി.