സർക്കാർ നയങ്ങളിൽ വലഞ്ഞ് കൈത്തറി മേഖല ; കുടിശ്ശികയായി കിട്ടാനുള്ളത് ലക്ഷങ്ങൾ - കൈത്തറി വ്യവസായം നേരിടുന്ന പ്രതിസന്ധി

🎬 Watch Now: Feature Video

thumbnail

By

Published : Aug 2, 2023, 11:04 AM IST

കണ്ണൂർ : സർക്കാർ നയങ്ങളിൽ ശ്വാസം മുട്ടുകയാണ് കൈത്തറി സൊസൈറ്റികൾ. യൂണിഫോം തുണികൾ നെയ്‌ത്തുകൂലി പോലും കുടിശ്ശികയാണ്. നിസാര കാരണങ്ങൾ പറഞ്ഞു തടഞ്ഞു വച്ച റിബേറ്റ് തുക തന്നെ ലക്ഷങ്ങൾ വരും. യൂണിഫോം തുണി നെയ്ത്തിലാണ് കൈത്തറി സംഘങ്ങൾ പിടിച്ചു നിന്നതെങ്കിലും നെയ്‌ത്തു കൂലി കിട്ടാൻ മാസങ്ങൾ കാത്തിരിക്കണം എന്നാണ് സൊസൈറ്റി ഭാരവാഹികള്‍ പറയുന്നത്. നാലും അഞ്ചും മാസത്തെ കൂലിയ്ക്ക് കാത്തിരുന്നാൽ കിട്ടുന്നത് ഒന്നോ രണ്ടോ മാസത്തെ തുക മാത്രമാണ്. യൂണിഫോം തുണികളുടെ ജിഎസ്‌ടിയാണ് തങ്ങളെ ശ്വാസം മുട്ടിക്കുന്ന മറ്റൊരു ഘടകമെന്നും ‍സംഘാംഗങ്ങള്‍ പറയുന്നു. കൈത്തറി യൂണിഫോം ഉത്‌പാദിപ്പിച്ച് സർക്കാറിന് വിൽപന നടത്തുമ്പോൾ വിലയുടെ അഞ്ച് ശതമാനം ജിഎസ്‌ടി ആയി സംഘങ്ങൾ അടയ്ക്കണം. സാധനങ്ങൾ വാങ്ങുന്നയാളാണ് ജിഎസ്‌ടി അടക്കേണ്ടത്. എന്നാൽ സംഘങ്ങൾക്ക് ജിഎസ്‌ടി തുക നൽകാൻ സർക്കാർ തയ്യാറാകുന്നില്ല. ഈയിനത്തിൽ ലക്ഷക്കണക്കിന് രൂപയാണ് ഓരോ വർഷവും സംഘങ്ങൾ അടയ്ക്കുന്നത്. ഇതിനെല്ലാം പുറമെ നൂലിനും ക്ഷാമമുണ്ട്. കൊവിഡിനു ശേഷം എത്തുന്ന ചായങ്ങൾക്കും ഗുണനിലവാരമില്ല. വലിയ സംഖ്യകൾ പ്രവർത്തന മൂലധനമുള്ളവയല്ല കൈത്തറി സംഘങ്ങൾ. വ്യാജ കൈത്തറി ഉത്‌പന്നങ്ങളുടെ വ്യാപനം മൂലം സാധാരണ രീതിയിൽ തന്നെ സംഘങ്ങൾക്ക് പ്രവർത്തിക്കാൻ വലിയ പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് ഭീമമായ തുക സർക്കാർ നൽകാനുള്ളത്. സാധാരണക്കാരുടെ ആശ്രയമായ കൈത്തറി മേഖലയെ രക്ഷിക്കാൻ കാര്യക്ഷമതയോടെ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.