പ്രണയസല്ലാപങ്ങളുടെ ഓർമപ്പെടുത്തലായി ചുവന്നുതുടുത്ത വാകപ്പൂക്കൾ ; മൂലമറ്റത്ത് ഗുൽമോഹർ വസന്തം - വാക

🎬 Watch Now: Feature Video

thumbnail

By

Published : May 11, 2023, 8:36 PM IST

ഇടുക്കി : വർണ വസന്തം വിടർത്തി നാട്ടിലെങ്ങും ഗുൽമോഹർ പൂക്കൾ വിരിഞ്ഞു. പാതയോരങ്ങളിൽ കൊഴിഞ്ഞു കിടക്കുന്ന പൂക്കൾ ചുവന്ന പരവതാനി വിരിച്ചതിന് സമാനമായി കാഴ്‌ചാവിരുന്നൊരുക്കുകയാണ്. ഇടുക്കിയിൽ വൈദ്യുതി വകുപ്പിൻ്റെ മൂലമറ്റം സർക്യൂട്ട് ഹൗസിന് സമീപ പ്രദേശങ്ങളിൽ ഗുൽമോഹർ മരം ഇലകൾ കാണാനാകാത്ത വിധം പൂത്തുലഞ്ഞ് നിൽക്കുകയാണ്.

മൂലമറ്റം കെഎസ്ഇബി ക്വാർട്ടേഴ്‌സുകൾക്കിടയിലൂടെ പോകുന്ന നിറയെ വളവുകളുള്ള പാത പിന്നിട്ട് മലമുകളിലെത്തിയാൽ ചുവന്ന പരവതാനി വിരിച്ചുള്ള സ്വീകരണമാണ് ലഭിക്കുക. പാതയോരത്ത് പൂത്ത് നിൽക്കുന്ന ഗുൽമോഹർ മരങ്ങളിൽ നിന്ന് കൊഴിഞ്ഞുവീണ പൂക്കളാണ് റോഡ് നിറയെ. വൈദ്യുതി വകുപ്പിൻ്റെ മൂലമറ്റം സർക്യൂട്ട് ഹൗസിന് സമീപവും അറക്കുളം സെൻ്റ് ജോസഫ് കോളജിന് സമീപവുമാണ് ഗുൽമോഹർ മരം നിറയെ പൂത്തുലഞ്ഞ് നിൽക്കുന്നത്. 

വേനൽക്കാലത്ത് പൂക്കുകയും വസന്തം കഴിയുമ്പോൾ ഇലപൊഴിക്കുകയും ചെയ്യുന്ന ഗുൽമോഹർ കേരളത്തിൽ വാകമരം എന്നാണ് അറിയപ്പെടുന്നത്. ഓറഞ്ച് നിറത്തിലുള്ളതും, മഞ്ഞ നിറത്തിലുള്ളതുമായ വാകപ്പൂക്കളുണ്ട്. വാകമരങ്ങൾ പൂത്തതോടെ വഴിയാത്രക്കാർക്കിത് വർണക്കാഴ്‌ചയായി മാറിയിരിക്കുകയാണ്. ഇത് കാണാനായി നിരവധിയാളുകളാണ് ഇവിടേക്ക് എത്തുന്നത്.

ചുട്ടുപൊള്ളുന്ന ഏപ്രിൽ, മെയ് മാസങ്ങളിലാണ് ഇവയിൽ പൂക്കൾ വിരിയുക. അധികം ബലമില്ലാത്ത ശാഖകളിലാണ് പൂക്കൾ വിരിയുന്നത്. മഴക്കാലത്ത് ഗുൽമോഹർ ചില്ലകൾ താനെ അടർന്ന് വഴികളിൽ വീഴും.
സൂര്യപ്രകാശം ആവശ്യമുള്ള ഗുൽമോഹറിന് ചെറുവരൾച്ചയും അതിശൈത്യവുമെല്ലാം താങ്ങാൻ സാധിക്കും.

ചെറുകാറ്റിലും പൂക്കൾ കൊഴിയുന്നതും സാധാരണയാണ്. വേരിൽ നിന്ന് പുതു ഗുൽമോഹർ ചെടികൾ ഉണ്ടാവുന്നതും പ്രത്യേകതയാണ്. കാലങ്ങളായി മലയാളികളുടെ പ്രണയ സങ്കല്‍പ്പങ്ങളില്‍ ഗുൽമോഹർ പൂക്കൾക്ക് സ്ഥാനമുണ്ട്. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.