'ഗാന്ധിജിക്ക് നിയമത്തില്‍ ബിരുദമില്ല, യോഗ്യത ഹൈസ്‌കൂള്‍ ഡിപ്ലോമ മാത്രം' : വിവാദ പരാമര്‍ശവുമായി ജമ്മു കശ്‌മീര്‍ ലെഫ്. ഗവര്‍ണര്‍ - ഏറ്റവും പുതിയ ദേശീയ വാര്‍ത്ത
🎬 Watch Now: Feature Video
ന്യൂഡല്‍ഹി : മഹാത്‌മ ഗാന്ധിക്കെതിരെ വിവാദ പരാമര്‍ശവുമായി ജമ്മു കാശ്‌മീര്‍ ലെഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ. മഹാത്‌മാഗാന്ധിക്ക് നിയമ ബിരുദമുണ്ടായിരുന്നു എന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്നാണ് അദ്ദേഹത്തിന്‍റെ അവകാശവാദം. ഗാന്ധിക്ക് ഒരു സര്‍വകലാശാലാ ബിരുദം പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ(23.03.2023) മധ്യപ്രദേശിലെ ഗ്വാളിയാറില്‍ നടന്ന പരിപാടിക്കിടെയായിരുന്നു പ്രസ്‌താവന.
'ഗാന്ധിജിക്ക് നിയമത്തില്‍ ബിരുദമുണ്ടെന്നുള്ളത് തെറ്റിദ്ധാരണയാണ്. അദ്ദേഹത്തിന് ഒരു സര്‍വകലാശാലാ ബിരുദം പോലുമില്ല. ഹൈസ്‌കൂള്‍ ഡിപ്ലോമ മാത്രമാണ് യോഗ്യത' - ഗവര്‍ണര്‍ വാദിച്ചു.
നിയമ പരിശീലനത്തിന് അദ്ദേഹം യോഗ്യനായിരുന്നുവെങ്കിലും അദ്ദേഹത്തിന് നിയമ പഠനത്തില്‍ ബിരുദമില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ ഗവര്‍ണര്‍ തന്‍റെ വാക്കുകള്‍ നിരവധി പേര്‍ എതിര്‍ക്കുവാന്‍ സാധ്യതയുണ്ടെന്നും പ്രസ്‌താവിച്ചു.
'ഗാന്ധിയുടെ ജീവിതത്തില്‍ സത്യമായിരുന്നു കേന്ദ്ര ബിന്ദു. ഒന്നിന് വേണ്ടിയും അദ്ദേഹം സത്യത്തെ ഉപേക്ഷിക്കുവാന്‍ തയ്യാറായിരുന്നില്ല. അദ്ദേഹം രാജ്യത്തിന് വേണ്ടി നിരവധിയായ കാര്യങ്ങള്‍ ചെയ്‌തിട്ടുണ്ടെങ്കിലും ഗാന്ധിജി നേടിയെടുത്ത എല്ലാ കാര്യങ്ങളും സത്യത്തില്‍ അധിഷ്‌ഠിതമായിരുന്നു' - അദ്ദേഹം പറഞ്ഞു.
'അതിനാലാണ് അദ്ദേഹം രാഷ്‌ട്രപിതാവായത്. ഗാന്ധിജിയുടെ ജീവിതത്തിലെ എല്ലാ ഏടുകളും പരിശോധിച്ചാല്‍ സത്യമല്ലാതെ മറ്റൊന്നും കാണാന്‍ സാധിക്കില്ല. എന്ത് തന്നെ വെല്ലുവിളികള്‍ നേരിട്ടാലും മഹാത്‌മ ഗാന്ധി അദ്ദേഹത്തിന്‍റെ ഉള്‍മനസിന്‍റെ ശബ്‌ദം തിരിച്ചറിയുമായിരുന്നു'. - മനോജ് സിന്‍ഹ പറഞ്ഞു.
എന്നാല്‍, ഗാന്ധി നിയമത്തില്‍ ബിരുദമെടുത്തത് ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്നാണെന്നാണ് വിവരം. ഗാന്ധിജിയുടെ 'ദ ലോ ആന്‍റ് ദ ലോയേഴ്‌സ്' എന്ന പുസ്‌തകത്തിന്‍റെ ആദ്യ ഭാഗത്തിന്‍റെ പേര് 'ഗാന്ധി ആസ് എ ലോ സ്‌റ്റുഡന്‍റ്' (ഒരു നിയമവിദ്യാര്‍ഥിയായ ഗാന്ധി) എന്നാണ്. പുസ്‌തകത്തിന്‍റെ രണ്ടാം ഭാഗത്തിന്‍റെ പേര് ഗാന്ധി ആസ് എ ലോയര്‍(ഒരു അഭിഭാഷകനായ ഗാന്ധി) എന്നുമാണ്.