'തെറ്റ് കാണുമ്പോള്‍ ശബ്‌ദം ഉയര്‍ത്താന്‍ പഠിക്കൂ': മാധ്യമങ്ങളോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ - സര്‍വകലാശാല ക്രമക്കേട്
🎬 Watch Now: Feature Video
തിരുവനന്തപുരം: സര്‍വകലാശാല ക്രമക്കേട് വിഷയത്തില്‍ മാധ്യമങ്ങളെ വിമര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തങ്ങൾക്കെതിരെ കേസെടുക്കുന്ന സാഹചര്യം വന്നപ്പോൾ മാത്രമാണ് മാധ്യമങ്ങൾ യൂണിവേഴ്‌സിറ്റികളിലെ ക്രമക്കേടുകളെ കുറിച്ച് സംസാരിക്കുന്നത് എന്നാണ് ഗവർണർ ഉന്നയിച്ച വിമര്‍ശനം. യൂണിവേഴ്‌സിറ്റികളിൽ നടക്കുന്ന ക്രമക്കേടുകൾ നേരത്തെ തന്നെ താൻ ഉന്നയിച്ചിട്ടുണ്ട്.
പരീക്ഷയെഴുതാത്ത വിദ്യാർഥികൾ വിജയിക്കുന്നതും തെരഞ്ഞെടുപ്പിൽ മത്സരിക്കാത്ത വിദ്യാർഥി കൗൺസിലർ ആകുന്നതും പ്രവർത്തിപരിചയം ഇല്ലാത്തവർ അസിസ്റ്റന്‍റ് പ്രൊഫസർമാരാകുന്നതും ഒക്കെയാണ് കേരളത്തിലെ യൂണിവേഴ്‌സിറ്റികളിൽ നടക്കുന്നത്. ഇക്കാര്യം താൻ പറഞ്ഞപ്പോൾ വേണ്ട പ്രാധാന്യം മാധ്യമങ്ങൾ നൽകിയില്ല.
മാധ്യമങ്ങൾ ഒരുകാലത്തും നിശബ്‌ദമാകാൻ പാടില്ല. ശബ്‌ദം ഉയർത്തേണ്ടിടത്ത് ശബ്‌ദം ഉയർത്തണം. നിങ്ങൾക്ക് നേരെ പ്രശ്‌നം ഉണ്ടായ സാഹചര്യത്തില്‍ എങ്കിലും ശബ്‌ദം ഉയർത്തിയത് നല്ല കാര്യമെന്നും ഗവർണർ പറഞ്ഞു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്‌ക്കെതിരെ വാർത്ത റിപ്പോർട്ട് ചെയ്‌തതിന് മാധ്യമപ്രവർത്തകയ്ക്ക് നേരെ കേസെടുത്ത സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇക്കാര്യം വിശദമായി പരിശോധിച്ച് പ്രതികരിക്കാം എന്നും ഗവർണർ പറഞ്ഞു.
എഴുതാത്ത പരീക്ഷയില്‍ എസ്‌എഫ്‌ഐ നേതാവ് പിഎം ആര്‍ഷോ വിജയിച്ചത് സംസ്ഥാനത്ത് ഏറെ വിവാദമായ സംഭവമായിരുന്നു. എന്നാല്‍ തന്‍റെ അറിവോടെയല്ല ഇത് സംഭവച്ചതെന്നും താന്‍ പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്‌തിരുന്നില്ല എന്നും ആര്‍ഷോ പ്രതികരിച്ചു. പിന്നാലെ മഹാരാജാസ് കോളജ് പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആര്‍ഷോ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് മഹാരാജാസ് കോളജ് പ്രിന്‍സിപ്പാള്‍, മാധ്യമപ്രവര്‍ത്തക അഖില നന്ദകുമാര്‍, കെഎസ്‌യു നേതാക്കള്‍ തുടങ്ങിയവര്‍ക്കെതിരെ കേസെടുത്തത്.