സർവകലാശാല ബിൽ; സർക്കാരിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി ഗവർണർ
🎬 Watch Now: Feature Video
Published : Nov 5, 2023, 4:35 PM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാല ബില്ല് പാസാക്കുന്നതിന് മുൻപ് ഗവർണറുടെ അനുമതി വാങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയാണ് ബില്ലിനെ കുറിച്ച് വിശദീകരിക്കാൻ വരേണ്ടത്. അതുണ്ടായില്ല. എല്ലാ ഭരണഘടന സീമകളും സർക്കാർ ലംഘിക്കുന്നുവെന്ന് പറഞ്ഞ ഗവർണർ എന്താണ് കലാമണ്ഡലത്തിൽ സംഭവിച്ചതെന്നും ചോദിച്ചു. സർക്കാർ പറയുന്നത് ശരിയാണെങ്കിൽ മാധ്യമങ്ങൾക്ക് അത് വിശ്വസിക്കാം. മുഖ്യമന്ത്രി എത്തി വിശദീകരിക്കുന്നത് വരെ ബില്ലുകളിൽ പുനർചിന്തനം ഇല്ലെന്നും ഗവർണർ പറഞ്ഞു. ബില്ലുകളിൽ ഒപ്പിടാത്തതിൽ സർക്കാർ സുപ്രീംകോടതിയെ സമീപിച്ച വിഷയത്തിൽ ഭരണഘടനാപരമായ സംശയങ്ങൾ ഉള്ളവർക്ക് സുപ്രീം കോടതിയെ സമീപിക്കാമെന്നായിരുന്നു ഗവർണറുടെ മറുപടി. വ്യക്തതയ്‌ക്ക് വേണ്ടിയാകും സംസ്ഥാന സർക്കാർ സമീപിച്ചിട്ടുണ്ടാവുക. തനിക്ക് നോട്ടീസ് ലഭിക്കുമ്പോൾ മറുപടി പറയാം. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കാനാവില്ല. സാമ്പത്തിക പ്രതിസന്ധിയിലാണ് സർക്കാർ. പക്ഷേ ധൂർത്തിന് കുറവില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി. ജനങ്ങളുടെ പണം ഉപയോഗിച്ച് സ്വിമ്മിങ് പൂൾ പണിയുന്നു. മോശം സാമ്പത്തിക അവസ്ഥയാണെന്ന് സർക്കാർ തന്നെ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. അധിക ചെലവ് വരുന്ന കാര്യങ്ങൾ അവതരിപ്പിക്കണമെങ്കിൽ തന്‍റെ അനുമതി വേണമെന്നും ഗവർണർ തിരുവനന്തപുരത്ത് പറഞ്ഞു.