ആളില്ലാത്ത വീട്ടില്‍ വാതില്‍ തകര്‍ത്ത് മോഷണം; 36 പവന്‍ കവര്‍ന്നു, പ്രതികള്‍ അറസ്റ്റില്‍ - Gold Theft Case Malappuram
🎬 Watch Now: Feature Video
Published : Jan 15, 2024, 6:35 PM IST
മലപ്പുറം: കോട്ടക്കലില്‍ വീടിന്‍റെ പൂട്ട് തകര്‍ത്ത് സ്വര്‍ണാഭരണങ്ങള്‍ മോഷ്‌ടിച്ച സംഭവത്തില്‍ ഒരു സ്‌ത്രീ ഉള്‍പ്പെടെ നാല് പേര്‍ അറസ്റ്റില്‍. വാഴക്കാട് സ്വദേശി മുഹമ്മദ് റിഷാദ്, പുളിക്കല്‍ സ്വദേശിയായ ഹംസ, പാലക്കാട് സ്വദേശി രമേശ്, തമിഴ്‌നാട് സ്വദേശി വള്ളി എന്നിവരാണ് അറസ്റ്റിലായത്. 36 പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. ഡിസംബര്‍ 25ന് രാത്രിയിലാണ് കേസിനാസ്‌പദമായ സംഭവം. പാലക്കാട് സ്വദേശിയായ രമേശാണ് കേസിലെ ഒന്നാം പ്രതി. മറ്റൊരു കേസില്‍ കര്‍ണാടകയില്‍ അറസ്റ്റിലായ ഇയാള്‍ കഴിഞ്ഞ 25നാണ് ജയില്‍ മോചിതനായത്. തുടര്‍ന്ന് കോഴിക്കോടെത്തിയ ഇയാള്‍ കൂട്ടുപ്രതിയായ വാഴക്കാട് സ്വദേശി റിഷാദുമായി ഫോണില്‍ ബന്ധപ്പെടുകയും മലപ്പുറത്തെത്തി മോഷണം നടത്തുകയുമായിരുന്നു. വീട്ടില്‍ ആളില്ലെന്ന് മനസിലാക്കിയതോടെ കൂട്ടാളികളായ മറ്റുള്ളവരെയും റിഷാദ് വിളിച്ച് വരുത്തി. ആദ്യം വീടിന്‍റെ മുന്‍വശത്തെ വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും അത് വിഫലമായതോടെ വീടിന്‍റെ ഒന്നാം നിലയില്‍ കയറി അവിടെയുള്ള വാതില്‍ കുത്തി പൊളിച്ച് അകത്ത് കയറുകയായിരുന്നു. വീട്ടില്‍ നിന്നും 36 പവന്‍ സ്വര്‍ണവുമായി സംഘം രക്ഷപ്പെട്ടു. സംഭവത്തിന് പിന്നാലെ കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം അറസ്റ്റിലായത്. ഇവരില്‍ നിന്നും മോഷണം പോയ സ്വര്‍ണം പൊലീസ് കണ്ടെടുത്തു.