ഫ്ലാസ്ക്കിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം; ഒരാള്‍ അറസ്റ്റില്‍
🎬 Watch Now: Feature Video
മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ഫ്ലാസ്‌ക്കില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. വളവന്നൂര്‍ സ്വദേശിയായ ഒരാള്‍ അറസ്റ്റില്‍. 64 ഗ്രാം തൂക്കമുള്ള സ്വര്‍ണമാണ് കസ്റ്റംസ് കണ്ടെത്തിയത് (Gold Seized In Karipur Airport). ഇന്ന് (ഡിസംബര്‍ 26) രാവിലെയാണ് സംഭവം. ദുബായ്‌യില്‍ നിന്നെത്തിയ ഇയാള്‍ സ്വര്‍ണം ഷീറ്റുകളാക്കി മെര്‍ക്കുറി പൂശിയ ഫ്ലാസ്‌ക്കിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. വിപണിയില്‍ 4 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്.
മിക്‌സിക്കുള്ളിലും സ്വര്‍ണക്കടത്ത്: ഡിസംബര്‍ ആദ്യം മിക്‌സിക്കുള്ളില്‍ ഒളിപ്പിച്ച കടത്താന്‍ ശ്രമിച്ച സ്വര്‍ണവും കസ്റ്റംസ് പിടികൂടിയിരുന്നു. 180 ഗ്രാം ഭാരത്തില്‍ സിലിണ്ടര്‍ ആകൃതിയിലുള്ള സ്വര്‍ണമാണ് മിക്‌സിക്കുള്ളില്‍ നിന്നും പിടികൂടിയത്. മിക്‌സിയുടെ കപ്പാസിറ്ററിന് ഉള്ളില്‍ ഒളിപ്പിച്ച രീതിയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ ദുബായ്‌യില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയെ കസ്റ്റംസ് അറസ്റ്റ് ചെയ്‌തു.
983 ഗ്രാം സ്വര്‍ണം വേറെയും: റാസല്‍ഖൈമയില്‍ നിന്നും സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിലും അടുത്തിടെ യുവാവ് അറസ്റ്റിലായിരുന്നു. മലപ്പുറം കുന്നപ്പള്ളി സ്വദേശിയായ മുഹമ്മദ് അനീസാണ് പിടിയിലായത്. 983 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തത്. ക്യാപ്‌സ്യൂളുകളുടെ രൂപത്തിലാക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. മൂന്ന് ക്യാപ്‌സ്യൂളുകളാണ് കസ്റ്റംസ് പിടിച്ചെടുത്തത്.