'ബിജെപിയോട് മാത്രമായി രാഷ്ട്രീയ അയിത്തം ഇല്ല; വിചാരധാരയിലെ ഒരു ഭാഗം മാത്രമെടുത്ത് വ്യാഖ്യാനിക്കുന്നത് ശരിയല്ല' - ബിജെപിയോട് മാത്രമായി രാഷ്ട്രീയ അയിത്തം ഇല്ല
🎬 Watch Now: Feature Video
കോട്ടയം: ബിജെപിക്ക് മാത്രമായി ഈ നാട്ടിൽ ഞങ്ങൾ ഒരു രാഷ്ട്രീയ അയിത്തം കാണുന്നില്ലന്ന് കുന്നംകുളം മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ്. രാഷ്ട്രീയ സ്വയംസേവക സംഘത്തിന് കുറെ നല്ല കാര്യങ്ങളുണ്ട്. വിചാരധാരയിലെ ഒരു ഭാഗം മാത്രം അടർത്തിയെടുത്ത് വ്യാഖ്യാനിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.
'ബൈബിളും വിചാരധാരയും വച്ച് താരതമ്യം ചെയ്യണ്ട. സഭ അതിന്‍റെ തത്വങ്ങളിൽ നിന്ന് ഒരിക്കലും വ്യതിചലിക്കില്ല. ഏതു പുസ്‌തകങ്ങളെയും വിശദമായിട്ടാണ് വിലയിരുത്തേണ്ടത്. മഹാത്മാഗാന്ധി ഒരിക്കൽ പറഞ്ഞിട്ടുണ്ട് ഞാനൊരു മത വിശ്വാസിയാണ്, എന്നാൽ ഞാനൊരു രാഷ്‌ട്രീയക്കാരനായത് മതം അതിന്‍റെ സാമൂഹിക മേഖലകളിലേക്ക് വ്യാപിക്കുമ്പോൾ ആണ്. അത്തരത്തിൽ മതത്തിന് രാഷ്‌ട്രീയത്തിൽ ഇടപെട്ടേ പറ്റു. എന്നാൽ ഇതൊക്കെ തമ്മിലുളള വ്യത്യാസം മനസിലാക്കണം. മതം സാമൂഹിക നിർമിതിക്ക് ഇറങ്ങണം. മതനേതാക്കൾ പള്ളിയിൽ മാത്രം ഇരുന്നാൽ മതിഎന്നതിനോട് ഈ കാരണങ്ങൾ കൊണ്ട് തന്നെ ഒരു യോജിപ്പുമില്ല', മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസ് പറഞ്ഞു. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻ ഹരിയുമായി വ്യക്തി ബന്ധം ഉണ്ടെന്നും അതിനപ്പുറം ഇത്രയധികം ചർച്ച ചെയ്യാനുള്ള ഒന്നും ഹരിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. വിചാരധാര 50 കൊല്ലം മുൻപെഴുതിയ ഒരു ഡോക്യൂമെന്‍റാണെന്നും വിചാരധാരയിൽ വിവിധ മതങ്ങളെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അതിൽ നിന്നൊക്കെ ഒരുപാട് വ്യതിയാനങ്ങൾ വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയത ആരുടെയും കുത്തക അല്ല എന്നും എല്ലാ പാർട്ടികളുടെയും തത്വത്തിൽ അടിസ്ഥാനപരമായി ദേശീയത ഉണ്ടെന്നും അദ്ദേഹം ആവർത്തിച്ചു. ഈസ്‌റ്റർ ദിനത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ നിരവധി പള്ളികളും അരമനകളും സന്ദർശിച്ചത് വലിയ ചർച്ചകൾക്ക് വഴിവച്ചതിന് പുറമെയാണ് കുന്നംകുളം മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ യൂലിയോസിന്‍റെ പ്രസ്‌താവന.