കമ്പത്തെ കറുത്ത മുന്തിരിക്ക് ഭൗമസൂചിക പദവി - ഇടുക്കി ഏറ്റവും പുതിയ വാര്‍ത്ത
🎬 Watch Now: Feature Video
ഇടുക്കി : അതിർത്തി ഗ്രാമമായ കമ്പത്തെ കറുത്ത മുന്തിരിക്ക് ഭൗമസൂചിക പദവി ലഭിച്ചു. കയറ്റുമതിയിൽ മുൻപന്തിയിൽ ഉള്ള കമ്പത്തെ കറുത്ത മുന്തിരിക്ക് ഭൗമസൂചിക പദവി നൽകണമെന്നത് കർഷകരുടെ ദീർഘനാളായുള്ള ആവശ്യമായിരുന്നു. തമിഴ്‌നാട്ടിലെ തേനി ജില്ലയിലെ കമ്പം മേഖലയിലാണ് ഈ മുന്തിരി കൃഷി ചെയ്യുന്നത്.
വർഷത്തിൽ മൂന്ന് തവണ വിളവെടുപ്പ് നടത്താൻ സാധിക്കുമെന്നതാണ് ഈ മുന്തിരിയുടെ പ്രധാന സവിശേഷത. ഇതാണ് കറുത്ത മുന്തിരിക്ക് ഭൗമസൂചിക പദവി നൽകിക്കൊടുത്തതും. പശ്ചിമഘട്ടത്തിന്‍റെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്നതിനാൽ മുന്തിരി കൃഷിക്ക് താപനില, മണ്ണ്, വെള്ളം എന്നിവയെല്ലാം അനുകൂല ഘടകങ്ങളാണ്.
തേനിയിലെ ലോവർ ക്യാമ്പ് മുതൽ ചിന്നമന്നൂർ വരെ ആയിരം ഏക്കർ സ്ഥലത്താണ് മുന്തിരി കൃഷി ചെയ്യുന്നത്. ആത്തുർ വെറ്റില, മാർത്താണ്ഡത്തെ തേൻ, മണപ്പാറയിലെ മുറുക്ക് എന്നിവയ്ക്കൊപ്പമാണ് കമ്പത്തെ മുന്തിരിയും ഇടം നേടിയിരിക്കുന്നത്. മികച്ച ഗുണനിലവാരവും, തനിമയുമുള്ള ഉത്പന്നങ്ങൾക്കാണ് ഭൗമസൂചിക പദവി നൽകുന്നത്. മഹാരാഷ്‌ട്രയിൽ മുന്തിരി കൃഷി ചെയ്യാറുണ്ടെങ്കിലും, വർഷത്തിൽ ഒരു തവണ മാത്രമാണ് ഇവ വിളവ് തരാറുള്ളത്.