കഥകളിയും കളരി പയറ്റും ചെണ്ടമേളവും; ജി20 പ്രതിനിധികള്‍ക്ക് സിയാൽ ബിസിനസ് ജെറ്റ് ടെർമിനലിൽ ഉജ്ജ്വല സ്വീകരണം

🎬 Watch Now: Feature Video

thumbnail

എറണാകുളം: ജി20 പ്രതിനിധികൾക്ക് കേരള തനിമയോടെ സിയാൽ ബിസിനസ് ജെറ്റ് ടെർമിനലിൽ സ്വീകരണം. ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെയാണ് കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ), ബിസിനസ്‌ ജെറ്റ് ടെർമിനലിൽ കേരളീയ കലാരൂപങ്ങൾ ഒരുക്കി സ്വീകരിച്ചത്. പൂര മാതൃകയിൽ അണിയിച്ചൊരുക്കിയ ഗജവീരന്മാരുടെ പശ്ചാത്തലത്തിൽ ചെണ്ട മേളത്തോടെയാണ് പ്രതിനിധികളെ സ്വീകരിച്ചത്.

ലക്ഷദ്വീപ് ബംഗാരം ദ്വീപിൽ സംഘടിപ്പിക്കുന്ന 'സയൻസ് മീറ്റി'ൽ പങ്കെടുക്കുന്നവരാണ് ചടങ്ങിൽ അതിഥികളായി എത്തിയത്. ജി20 ഗ്രൂപ്പ് 3 വിഭാഗത്തിൽ, ശാസ്ത്ര, അക്കാദമിക മേഖലകളിലെ വിദഗ്‌ധരാണ് സയൻസ് മീറ്റിലെ പ്രതിനിധികൾ. കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ടിലെ പുതിയ ബിസിനസ് ജെറ്റ് ടെർമിനലിൽ വിവിധ കലാകാരന്മാർ അവതരിപ്പിച്ച കേരളത്തിലെ പരമ്പരാഗത സാംസ്‌കാരിക കലാരൂപങ്ങൾ ആവേശത്തോടെയാണ് ജി20 സമ്മേള പ്രതിനിധികൾ ആസ്വദിച്ചത്. കഥകളി ഉൾപ്പടെയുള്ള കലാരൂപങ്ങളും ആയോധനകലയായ കളരി പയറ്റിന്‍റെ പ്രദർശനവും സ്വീകരണ പരിപാടിയിൽ ഉണ്ടായിരുന്നു.  

യാത്രക്കാർ നൽകുന്ന പിന്തുണയാണ് മികച്ച സേവനങ്ങൾ നൽകുന്നതിന് തങ്ങളെ പ്രതിജ്ഞാബദ്ധരാക്കുന്നതെന്ന് സിയാൽ മാനേജ്മെന്‍റ് പ്രതികരിച്ചു. 'ജി20 മീറ്റിന്‍റെ ഭാഗമാകാൻ കഴിഞ്ഞതിൽ സിയാലിന് അഭിമാനമുണ്ട്. അതിഥികൾക്ക് ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങൾ നൽകാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണ് ഇത്തരം കലാപരിപാടികൾ. ഉന്നത നിലവാരത്തിലുള്ള വിമാനത്താവള അനുഭവം സൃഷ്‌ടിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങൾ യാത്രക്കാരുടെ അംഗീകാരത്തോടെ വിജയകരമായി തുടർന്ന് പോകുകയാണ്' -സിയാൽ എംഡി എസ് സുഹാസ് പറഞ്ഞു.  

ബിസിനസ് ജെറ്റ് പ്രവർത്തനങ്ങൾക്കായി പ്രത്യേക ടെർമിനലുകളുള്ള ഇന്ത്യയിലെ നാല് വിമാനത്താവളങ്ങളില്‍ ഒന്നാണ് നെടുമ്പാശ്ശേരി. അതേസമയം സ്വീകരണത്തിന്‍റെ ഭാഗമായുള്ള കലാപരിപാടികൾ ആസ്വദിച്ചതിന് ശേഷം പ്രതിനിധികൾ സിയാൽ ജെറ്റ് ടെർമിനലിലെ ആഢംബര ലോഞ്ചുകളിൽ വിശ്രമിച്ചു. ശേഷം അലയൻസ് എയറിന്‍റെ ചാർട്ടേഡ് ഫ്ലൈറ്റ് വഴി അവർ സമ്മേളന വേദിയായ ലക്ഷദ്വീപിലെ ബംഗാരം ദ്വീപുകളിലേക്ക് യാത്ര തിരിച്ചു.  

സമഗ്ര ആരോഗ്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ജി20 സമ്മേളനത്തിന്‍റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചത്. ആധുനിക കാലത്തെ സമഗ്ര ആരോഗ്യ സമ്പ്രദായങ്ങളെക്കുറിച്ച് പ്രതിനിധികളുടെ അറിവും വൈദഗ്ധ്യവും പങ്കിടാനുള്ള അവസരമാണ് ഈ പരിപാടി.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.