Oommen Chandy Funeral | കണ്ണീരണിഞ്ഞ് പുതുപ്പള്ളി ; സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ഔദ്യോഗിക ബഹുമതി ഉണ്ടാകില്ല
🎬 Watch Now: Feature Video
കോട്ടയം : അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാരം നാളെ (ജൂലൈ 20) ഉച്ചയ്ക്കുശേഷം. പുതുപ്പള്ളിയിലെ വീട്ടിലും പള്ളിയിലും ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുതുപ്പള്ളി സെന്‍റ് ജോര്‍ജ് വലിയ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. ഉച്ചയ്‌ക്ക് 12 മണിയോടെ പുതുപ്പള്ളിയിലെ വീട്ടില്‍ അന്ത്യശുശ്രൂഷ നടക്കും. ഒരു മണിയോടെ പള്ളിയിലേക്കുള്ള വിലാപ യാത്ര ആരംഭിക്കും. രണ്ട് മണി മുതല്‍ വൈകിട്ട് മൂന്ന് മണിവരെ വടക്കേ പന്തലില്‍ പൊതുദര്‍ശനത്തിന് വയ്‌ക്കും. തുടര്‍ന്നാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. സംസ്‌കാരത്തിന് ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന് കുടുംബം നിലപാടെടുത്തിട്ടുണ്ട്. പള്ളിയില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയിൽ സംസ്‌കാരം നടക്കും. പരിശുദ്ധ കാത്തോലിക്ക ബാവ സംസ്‌കാര ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. തിരുവനന്തപുരത്തുനിന്ന് ഇന്ന് രാവിലെയാണ് ഉമ്മന്‍ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര ആരംഭിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ അടക്കം നൂറുകണക്കിന് പേരാണ് വിലാപ യാത്രയെ അനുഗമിക്കുന്നത്. വിലാപ യാത്ര കടന്നുവരുന്ന വഴികളിലെല്ലാം ആയിരക്കണക്കിനാളുകളാണ് അന്തിമോപചാരമര്‍പ്പിക്കാനെത്തുന്നത്.