വയനാട്ടിൽ വീണ്ടും ഭക്ഷ്യ വിഷബാധ: 13 പേർ ആശുപത്രിയിൽ, ഹോട്ടൽ താത്‌കാലികമായി അടക്കാൻ നിർദേശം - വയനാട് ഏറ്റവും പുതിയ വാര്‍ത്ത
🎬 Watch Now: Feature Video
വയനാട്: കൽപ്പറ്റയിൽ വീണ്ടും ഭക്ഷ്യവിഷബാധ. തിരുവനന്തപുരം കോവളം സ്വദേശികളായ 13 പേരെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യ വിഷബാധ സംബന്ധിച്ച പരാതി ഉയരുന്ന സാഹചര്യത്തിൽ കൈനാട്ടിയിലെ ആശിർവാദ് ഉഡുപ്പി റസ്‌റ്റോൻ്റ് താത്‌കാലികമായി അടക്കാൻ ഉദ്യോഗസ്ഥർ നിർദേശം നൽകി.
ഭക്ഷ്യ സുരക്ഷ വകുപ്പിൻ്റേതാണ് നടപടി. ആരോഗ്യ വകുപ്പിലെയും ഭക്ഷ്യ സുരക്ഷ വകുപ്പിലെയും മുട്ടിൽ പഞ്ചായത്തിലെയും ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് നിർദേശം നൽകിയത്. അടുത്തിടെ പലയിടങ്ങളിലും ഭക്ഷ്യ വിഷബാധ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ലൈസൻസില്ലാത്തതോ വൃത്തിഹീനമായതോ ആയ ഹോട്ടൽ സംരംഭങ്ങള്‍ക്ക് തങ്ങൾ പിന്തുണ നൽകില്ലെന്ന് ഹോട്ടൽ ആൻ്റ് റസ്‌റ്റോറൻ്റ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ഭക്ഷ്യ വിഷബാധയുണ്ടായ കൈനാട്ടി ആശീർവാദ് ഉഡുപ്പി റസ്‌റ്റോറൻ്റിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് പരിശോധന നടത്തി. കോവളത്ത് നിന്നും ബസിൽ യാത്ര പുറപ്പെട്ട 29 അംഗ സംഘം മൂന്നാർ, ഊട്ടി എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് വയനാട്ടിലെത്തിയത്.
ഇവർ പലയിടത്തും നിന്ന് ഭക്ഷണം കഴിച്ചിട്ടുള്ളതിനാൽ ഭക്ഷ്യ വിഷബാധയുടെ ഉറവിടം പറയാനാകില്ലെന്നും സാമ്പിൾ പരിശോധനക്ക് എടുത്തിട്ടുണ്ടന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസം മറ്റ് രണ്ട് ഹോട്ടലുകളിലുണ്ടായ ഭക്ഷ്യ വിഷബാധയിൽ ആറ് പേർ ഇപ്പോഴും ചികിത്സയിലാണ്. ഫുഡ് സേഫ്റ്റി ഓഫിസർ എം.കെ രേഷ്‌മ, മുട്ടിൽ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്‌ടർ സഹല തസ്‌നീം, വാഴവറ്റ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസപെക്‌ടർ ബേസിൽ വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.