ഒരു ലക്ഷത്തോളം വിലയുള്ള ഫോൺ ഡാമിൽ വീണു, വീണ്ടെടുക്കാൻ 21 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ചു ; ഫുഡ്‌ ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ - വെള്ളത്തിൽ വീണ ഫോൺ

🎬 Watch Now: Feature Video

thumbnail

By

Published : May 26, 2023, 10:35 PM IST

റായ്‌പൂർ : ഛത്തീസ്‌ഗഡിൽ ജലസംഭരണിയിൽ വീണ ഒരു ലക്ഷത്തോളം വിലമതിക്കുന്ന ഫോൺ വീണ്ടെടുക്കാൻ 21 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ച ഫുഡ് ഇൻസ്‌പെക്‌ടര്‍ക്ക് സസ്‌പെന്‍ഷന്‍. കൊയ്‌ലിബോഡ ബ്ലോക്കിലെ ഫുഡ്‌ ഇൻസ്‌പെക്‌ടർ രാജേഷ്‌ വിശ്വാസിനെയാണ് നോർത്ത് ബാസ്‌തർ കാങ്കെർ ജില്ല കലക്‌ടർ പ്രിയങ്ക ശുക്ല സസ്‌പെൻഡ് ചെയ്‌തത്. തിങ്കളാഴ്‌ച അവധി ആഘോഷിക്കുന്നതിന്‍റെ ഭാഗമായി രാജേഷ് ഖേർകട്ട പാറൽകോട്ട് റിസർവോയർ സന്ദർശിച്ചിരുന്നു. 

എന്നാൽ സെൽഫി എടുക്കുന്നതിനിടെ രാജേഷിന്‍റെ കയ്യിലുണ്ടായിരുന്ന 96,000 രൂപ വിലമതിക്കുന്ന മൊബൈൽ ഫോൺ റിസർവോയറിൽ വീണു. ഫോൺ വീണ്ടെടുക്കാൻ രാജേഷ് ജലവിഭവ വകുപ്പ് സബ് ഡിവിഷണൽ ഓഫിസറുമായി (എസ്‌ഡിഒ) സംസാരിച്ചു. ശേഷം ജലസംഭരണിയിലെ വെള്ളം വറ്റിക്കാമെന്ന് എസ്‌ഡിഒ ഉറപ്പ് നൽകുകയായിരുന്നു. 

അഞ്ചിന് പകരം പത്തടി : തുടർന്ന് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥർ 30 എച്ച്‌പി പമ്പുമായി എത്തി വെള്ളം വറ്റിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു. 15 അടി വരെയാണ് സംഭരണിയിൽ വെള്ളമുണ്ടായിരുന്നത്. അഞ്ചടി വെള്ളം ഒഴിവാക്കാനാണ് ജലവിഭവ വകുപ്പ് എസ്‌ഡിഒ രാംലാൽ ധീവർ നിർദേശം നൽകിയിരുന്നത്. 

എന്നാൽ രാജേഷ് 10 അടിയോളം വെള്ളം വറ്റിക്കുകയായിരുന്നു. മൂന്ന് ദിവസങ്ങളിലായി നടത്തിയ പ്രവർത്തനത്തിൽ 21 ലക്ഷം ലിറ്റർ വെള്ളം വറ്റിച്ചതായും വ്യാഴാഴ്‌ച മൊബൈൽ ഫോൺ കണ്ടെടുത്തതായും ഉദ്യോഗസ്ഥർ പറഞ്ഞു. വില കൂടിയ ഫോണും കാറും ബൈക്കുകളും ഉപയോഗിക്കുന്ന രാജേഷ് വിവാദങ്ങളിൽ നിരവധി തവണ ഇടം പിടിച്ചിട്ടുണ്ട്. മുമ്പ് കോളിബേഡയിൽ നിയമിതനായിരിക്കെ റേഷൻ കാർഡ് ക്രമക്കേടുമായി ബന്ധപ്പെട്ട കേസിലും ഇയാളെ സസ്‌പെൻഡ് ചെയ്‌തിരുന്നു. 

വിമർശിച്ച് പ്രതിപക്ഷം : സംഭവം പുറത്ത് വന്നതോടെ മുഖ്യമന്ത്രിയുടെ വക്കാലത്തിൽ ഉദ്യോഗസ്ഥർ നടത്തുന്ന തന്നിഷ്‌ടങ്ങളാണിതെന്ന് പ്രതിപക്ഷമായ ബിജെപി ആരോപിച്ചു. നിലവിലെ സർക്കാരിന് കീഴിലുള്ള ഉദ്യോഗസ്ഥർ സംസ്ഥാനത്തെ വിഭവങ്ങൾ തങ്ങളുടെ പൂർവിക സ്വത്തായി കണക്കാക്കുന്നുവെന്ന് കോൺഗ്രസ് സർക്കാരിനെ പരിഹസിച്ച് മുൻ മുഖ്യമന്ത്രി രമൺ സിംഗ് ട്വീറ്റ് ചെയ്‌തിരുന്നു. 1500 ഏക്കർ ഭൂമിയിൽ ജലസേചനം നടത്താനുള്ള വെള്ളമാണ് വറ്റിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.