'40,000 കോടിയുടെ കുറവ്' ; ഇത്രയും സാമ്പത്തിക പ്രതിസന്ധി നേരിട്ട വര്‍ഷമുണ്ടായിട്ടില്ലെന്ന് കെ എന്‍ ബാലഗോപാല്‍
🎬 Watch Now: Feature Video
തിരുവനന്തപുരം : ഇത്രയും സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വന്ന വര്‍ഷം ഇതിന് മുൻപ് സംസ്ഥാനത്ത് ഉണ്ടായിട്ടില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. പലതരത്തില്‍ 40,000 കോടി രൂപയാണ് കേരളത്തിന് കേന്ദ്രം വെട്ടിക്കുറച്ചത്. കേന്ദ്ര സമീപനം കാരണം ജീവനക്കാർക്ക് ശമ്പളം നൽകാനാകില്ലെന്ന് ഭയന്നുവെന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഈ സാമ്പത്തിക വർഷം കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്‍റെ സാമ്പത്തിക സഹായം കൂടുതലായി വെട്ടിക്കുറച്ചുവെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രം ഗ്രാന്‍റ് വെട്ടി കുറച്ചത് സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്‌ടിച്ചു. സാമ്പത്തിക വർഷ അവസാന ദിനമായ ഇന്ന് തിരുവനന്തപുരം ജില്ല ട്രഷറിയിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു മന്ത്രി.
ഇത്തവണ പ്രവര്‍ത്തനങ്ങളെല്ലാം ഭംഗിയായി പൂര്‍ത്തിയാക്കി : ഈ വർഷം ട്രഷറി പ്രവർത്തനവും സാമ്പത്തിക പ്രവർത്തനവും നന്നായി പൂർത്തീകരിക്കാൻ കഴിഞ്ഞുവെന്നും ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്രത്തിന്‍റെ തെറ്റായ നയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര നയം കാരണമാണ് സാമ്പത്തിക നിയന്ത്രണം കൊണ്ട് വരേണ്ടി വന്നതെന്നും മന്ത്രി പറഞ്ഞു.
പത്താം ധനകാര്യ കമ്മിഷന്‍റെ സമയത്ത് ഉണ്ടായിരുന്ന തുക മാത്രം ലഭിക്കുകയായിരുന്നെങ്കില്‍ പോലും ഇപ്പോള്‍ കിട്ടുന്നതിന്‍റെ ഇരട്ടി തുക കിട്ടുമായിരുന്നു. കടമെടുക്കാനുള്ള പരിധിയും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. കൊവിഡ് കാരണം സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി തകര്‍ന്നിരുന്നു. എന്നാല്‍ ടാക്‌സ് ഇനത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. 2021 മാര്‍ച്ചിലെ ആകെ വരുമാനം 47000 കോടിയ്‌ക്ക് അടുത്തായിരുന്നു 2022 ആയപ്പോള്‍ അത് 58000 കോടിയായി. ഈ വര്‍ഷം അത് 70000 കോടി ആകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. അതുകൊണ്ട് മാത്രമാണ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സാധിച്ചതെന്നും മന്ത്രി പറഞ്ഞു.
കേന്ദ്ര വിഹിതം ഇനിയും കുറയും : 12,000 കോടിയിലധികം കേന്ദ്ര വിഹിതം അടുത്ത വർഷം കുറയും. ഈ സാഹചര്യം കണക്കിലെടുത്ത് വേണം സംസ്ഥാനത്തിന് മുന്നോട്ടുപോകാന്‍. സംസ്ഥാനത്ത് പ്രതിപക്ഷം നടത്തുന്ന സമരങ്ങളിൽ ഗ്യാസ് വില കൂടി ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ഇന്ധന സെസ് ഏർപ്പെടുത്തുന്നതിലൂടെ ലഭിക്കുന്ന പണം സാമൂഹ്യ സുരക്ഷയ്ക്കാണ് ഉപയോഗിക്കുന്നത്.
സിസ്റ്റമാറ്റിക് ആയത് കൊണ്ട് ട്രഷറിയിൽ തിരക്ക് ഇല്ല. കേന്ദ്ര സർക്കാരിന്‍റെ ഇടപെടൽ സാമ്പത്തികമായി സംസ്ഥാനത്തിന്‍റെ ഖജനാവിനെ ബുദ്ധിമുട്ടിലാക്കി. ജീവനക്കാർക്ക് ശമ്പളം നല്‍കാൻ കഴിയാത്ത സ്ഥിതി പോലുമുണ്ടായി. കേന്ദ്രത്തിൽ നിന്നുള്ള വിഹിതം സംസ്ഥാനത്തിന് ലഭിക്കുന്നില്ലെന്നും ധനമന്ത്രി കുറ്റപ്പെടുത്തി.
രാഷ്ട്രീയ താത്‌പര്യങ്ങള്‍ വച്ചുകൊണ്ട് സംസ്ഥാനത്തിന്‍റെ അവകാശങ്ങള്‍ ഹനിക്കേണ്ട കാര്യം ഇല്ല. പദ്ധതി വിഹിതം നൽകാതെ തദ്ദേശ സ്ഥാപനങ്ങളെ സർക്കാർ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് യുഡിഎഫ് നഗരസഭയിൽ കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയ സംഭവത്തിലും ധനമന്ത്രി പ്രതികരിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്ക് 97% തുകയും നല്‍കിയിട്ടുണ്ടെന്നായിരുന്നു പ്രതികരണം. ശനിയാഴ്‌ച തുടങ്ങുന്ന സാമ്പത്തിക വര്‍ഷത്തെ ലീവ് സറണ്ടര്‍ ആനുകൂല്യം സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജൂണ്‍ 30 വരെ നീട്ടി ധനവകുപ്പ് ഉത്തരവിറക്കിയതിലും മന്ത്രി പ്രതികരിച്ചു.
ട്രഷറി രാത്രിയിലും പ്രവര്‍ത്തിക്കും : സാമ്പത്തിക വർഷ അവസാനമായ ഇന്ന് ട്രഷറി രാത്രി 12 മണി വരെ പ്രവർത്തിക്കും. സാധാരണ ദിവസങ്ങളിൽ 5 മണി വരെയാണ് ട്രഷറിയുടെ പ്രവർത്തന സമയം. പ്ലാൻ ഹെഡിൽ വരുന്നതും 28 ന് 5 മണിക്ക് ശേഷം ട്രഷറിയിൽ സമർപ്പിക്കുന്നതുമായ ബില്ലുകൾ ട്രഷറി ക്യുവിലേക്ക് മാറുകയും അടുത്ത സാമ്പത്തിക വർഷം പ്രയോറിറ്റി അടിസ്ഥാനത്തിൽ മാറുകയും ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.