നടന്മാര്‍ക്കെതിരായ നടപടി: ചലച്ചിത്ര സംഘടനകളുടെ തീരുമാനത്തെ പിന്തുണച്ച് ഫിലിം ചേംബർ

🎬 Watch Now: Feature Video

thumbnail

എറണാകുളം: നടന്‍മാരായ ശ്രീനാഥ് ഭാസി, ഷെയ്‌ൻ നിഗം എന്നിവരുമായി സഹകരിക്കേണ്ടതില്ലെന്ന ചലച്ചിത്ര സംഘടനകളുടെ തീരുമാനത്തെ പിന്തുണച്ച് ഫിലിം ചേംബർ. നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ, സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌ക, താരസംഘടനയായ അമ്മ എന്നിവരുടെ സംയുക്ത യോഗത്തിലായിരുന്നു ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനുമെതിരായ തീരുമാനമെടുത്തത്. 

ഈ സംഘടനകളുടെ മാതൃ സംഘടന കൂടിയായ ഫിലിം ചേംബർ കൂടി ഈ തീരുമാനത്തെ പിന്തുണച്ചതോടെ രണ്ട് താരങ്ങൾക്കും സിനിമയിൽ നിന്നും അനിശ്ചിത കാലത്തേക്ക് മാറി നിൽക്കേണ്ട സാഹചര്യമാണുണ്ടായത്. അതേസമയം ഇരുവർക്കുമെതിരായ ആരോപണങ്ങളെ കുറിച്ച് ഫിലിം ചേംബർ ചർച്ച നടത്തിയിട്ടില്ലെന്ന് പ്രസിഡന്‍റ് ജി സുരേഷ് കുമാർ വ്യക്തമാക്കി. നടൻ മാമുക്കോയയുടെ നിര്യാണത്തിൽ ഫിലിം ചേംബർ അനുശോചനം രേഖപ്പെടുത്തി.

ചില താരങ്ങൾ സിനിമയിലെ എഡിറ്റിംഗിൽ ഇടപെടുന്നു, നിർമാതാക്കളുമായി കരാറിൽ ഏർപ്പെടുന്നില്ല, ഒരേ സമയം ഒന്നിലധികം നിർമാതാക്കൾക്ക് തീയ്യതി നൽകി ബുദ്ധിമുട്ടിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ഫെഫ്‌ക നേരത്തെ ഉന്നയിച്ചിരുന്നു. ഇത്തരം താരങ്ങൾക്കെതിരെ പരാതി ലഭിച്ച സാഹചര്യത്തിൽ നിർമാതാക്കളുമായും താരസംഘടനയുമായും ചർച്ച നടത്തി തുടർ നടപടികൾ അറിയിക്കുമെന്നും അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ആരോപണ വിധേയരായ പരാതി ലഭിച്ച രണ്ട് താരങ്ങളുമായി സഹകരിക്കേണ്ടതില്ലെന്ന് ചലച്ചിത്ര സംഘടനകൾ തീരുമാനമെടുത്തത്.

വിലക്കില്ലെന്ന് സിനിമ സംഘടന: എന്നാൽ ഇരുവർക്കുമെതിരെ വിലക്ക് ഏർപ്പെടുത്തിയിട്ടില്ലന്നും നിസഹകരണമാണ് പ്രഖ്യാപിച്ചതെന്നുമാണ് സിനിമ സംഘടനകളുടെ വിശദീകരണം. സിനിമ സംഘടനകളുടെ തന്ത്രപരമായ ഈ നിലപാട് ഇരുവർക്കുമെതിരെ അനിശ്ചിതമായ അപ്രഖ്യാപിത വിലക്കായി മാറുമെന്നതിൽ സംശയമില്ല. മയക്കുമരുന്നിനടിമകളായ നടന്‍മാരുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. 

ഇത്തരക്കാരുടെ പേര് സര്‍ക്കാറിന് കൈമാറുമെന്നും സംഘടനകള്‍ വ്യക്തമാക്കി. നേരത്തെ ഇത്തരം സംഭവങ്ങൾ രഹസ്യമായിരുന്നെങ്കിൽ ഇപ്പോൾ എല്ലാം പരസ്യമായാണ് നടക്കുന്നതെന്നും നിർമാതാക്കൾ വ്യക്തമാക്കിയിരുന്നു. താര സംഘടനയില്‍ അംഗമല്ലാത്ത ശ്രീനാഥ് ഭാസി ഒരേ സമയം പല സിനിമകളില്‍ കരാര്‍ ഒപ്പിടുന്നതായാണ് ആരോപണം. ഇത് നിര്‍മാതാക്കള്‍ക്ക് വലിയ പ്രശ്‌നമാണ് ഉണ്ടാക്കുന്നത്. 

താരങ്ങൾക്കെതിരായ പരാതി: ലക്ഷങ്ങള്‍ ചിലവഴിച്ച് സെറ്റിട്ട ശേഷം, ചിത്രത്തില്‍ അഭിനയിക്കാന്‍ കരാര്‍ ഒപ്പിട്ട ശ്രീനാഥ് ഭാസിയെ അന്വേഷിച്ചപ്പോൾ അദ്ദേഹം ലണ്ടനിലാണ് എന്ന മറുപടിയാണ് ലഭിച്ചത്. ഇത്തരത്തിലുള്ള നിരവധി പരാതികളാണ് ശ്രീനാഥ് ഭാസിക്കെതിരെ സിനിമ സംഘടനകള്‍ക്ക് ലഭിച്ചത്. പ്രതിഫലം കൂടുതൽ ആവശ്യപ്പെടുന്നു, ലൊക്കേഷനിൽ കൃത്യമായി എത്തുന്നില്ല, എഡിറ്റിംഗിൽ ഉൾപ്പടെ ഇടപെടുന്നു തുടങ്ങിയ പരാതികളാണ് ഷെയ്‌ൻ നിഗത്തിനെതിരെ ഉയർന്നത്. 

നിലപാടുറപ്പിച്ച് നിർമാതാക്കൾ: ഇത്തരക്കാരെ ഇനിയും സഹിക്കാൻ കഴിയില്ലന്നാണ് സിനിമ സംഘടനകൾ സംയുക്തമായി തീരുമാനമെടുത്തത്. അതേ സമയം സിനിമ തുടങ്ങുന്നതിന് മുന്‍പുള്ള താരങ്ങളുമായുള്ള കരാറിൽ അവർ ഒപ്പുവയ്‌ക്കാറുണ്ട്. അതില്‍ താരത്തിന്‍റെ പ്രതിഫലം, ഡേറ്റുകള്‍, സിനിമയുടെ പ്രമോഷന്‍ എന്നിവ അടക്കം ഉള്‍കൊള്ളുന്നു. എന്നാല്‍ ഇത് അനുസരിക്കാൻ ചില താരങ്ങള്‍ തയ്യാറാകുന്നില്ലെന്നും അതിനാൽ ഇവരുമായി സഹകരിക്കില്ലെന്നുമാണ് നിർമാതാക്കളുടെ തീരുമാനം. അതേസമയം ചില താരങ്ങൾ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന കെഎഫ്‌പിഎ പ്രസിഡന്‍റ് എം.രഞ്‌ജിത്തിന്‍റെ വെളിപ്പെടുത്തലിൽ ഫെഫ്‌കയ്ക്ക് അതൃപ്‌തിയുണ്ട്. 

സിനിമ സെറ്റുകളിലെ ലഹരി ഉപയോഗിക്കുന്ന ആളുകളുടെ ലിസ്റ്റ് സർക്കാരിന് സമർപ്പിക്കുന്ന കാര്യത്തിൽ ഇന്നലെ നടന്ന യോഗത്തിൽ ചർച്ച നടത്തിയിരുന്നില്ലെന്ന് ഫെഫ്‌കയുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. നിർമാതാക്കളുടെ തീരുമാനത്തെക്കുറിച്ച് അറിവില്ലെന്നാണ് ഫെഫ്‌കയുടെ നിലപാട്. 

Last Updated : Apr 26, 2023, 9:37 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.