താരങ്ങൾ സിനിമയുടെ എഡിറ്റിങ്ങിൽ അനാവശ്യമായി ഇടപെടുന്നു, കരാറിൽ ഒപ്പിടാൻ ചിലർ തയ്യാറാകുന്നില്ല; സിനിമ താരങ്ങൾക്കെതിരെ ഫെഫ്‌ക - malayalam film actors
🎬 Watch Now: Feature Video
എറണാകുളം: മലയാള സിനിമ താരങ്ങൾക്കെതിരെ ആരോപണവുമായി ഫെഫ്‌ക. ചില താരങ്ങൾ സിനിമയുടെ എഡിറ്റിങ്ങിൽ അനാവശ്യമായി ഇടപെടുന്നു. നിർമാതാക്കളുമായി കരാറിൽ ഏർപ്പെടാതെ ഒരേ സമയം ഒന്നിലധികം സിനിമകൾക്ക് ഡേറ്റ് നൽകി പ്രതിസന്ധി സൃഷ്‌ടിക്കുന്നതായും ഫെഫ്‌ക ഭാരവാഹികൾ ആരോപിച്ചു. ഈ താരങ്ങളുടെ പേരുകൾ താമസിയാതെ പുറത്ത് വിടുമെന്ന് ഫെഫ്‌ക മുന്നറിയിപ്പ് നൽകി.
മലയാള സിനിമ വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്. സിനിമ കാണാൻ തിയറ്ററുകളിലേക്ക് ആളുകൾ വരുന്നില്ല എന്നതാണ് പ്രശ്‌നം. ചില നടി - നടന്മാർ സിനിമ ഷൂട്ടിംഗിന് വലിയ ബുദ്ധിമുട്ടുകൾ സൃഷ്‌ടിക്കുന്നതായി സിനിമ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌കയുടെ ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്‌ണൻ പറഞ്ഞു.
ചില താരങ്ങൾ സിനിമ ചിത്രീകരണത്തിനായി ഒരേ തീയതി പല നിർമാതാക്കൾക്കും പല സംവിധായകർക്കും നൽകുന്നു. താരസംഘടന അംഗീകരിച്ച കരാറിൽ ഒപ്പിടാൻ ചില താരങ്ങൾ തയ്യാറാകുന്നില്ല. ഈ കരാറിൽ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്. ഇതോടെ നിർമാതാക്കളും ഫെഫ്‌കയും വളരെ വിപുലമായ കരാറിലേക്ക് കടന്നിരിക്കുകയാണ്. സിനിമാറ്റോഗ്രാഫേഴ്‌സിന്‍റെ കരാർ അടുത്ത ആഴ്‌ച ഒപ്പിടും.
സംവിധായകരും, എഴുത്തുകാരും നിർമാതാക്കളുമായി ഒപ്പിടേണ്ട കരാറിനെ കുറിച്ച് ചർച്ച നടക്കുകയാണ്. എല്ലാ വിഭാഗങ്ങളിലുള്ളവരുമായും കരാറിന്‍റെ പുറത്ത് മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്നത് നിർമാതാക്കളുടെയും ഫെഫ്‌കയുടെയും തീരുമാനമാണ്. എങ്കിൽ കാര്യങ്ങൾ സുതാര്യമാകും. ഒരുപാട് നാളെത്തെ ചർച്ചകൾക്ക് ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് പോകുന്നത്.
ഒരു താരത്തെ സിനിമയ്‌ക്ക് വേണ്ടി നിശ്ചയിക്കുമ്പോഴുള്ള കരാറിന്‍റെ രൂപം താര സംഘടനയ്‌ക്ക് നിർമാതാക്കളുടെ സംഘടന കൈമാറി നിയപരമായ പരിശോധനകൾ നടത്തിയാണ് അംഗീകാരം നൽകിയത്. ചില താരങ്ങൾ പറയുന്നത് സിനിമ ചിത്രീകരണത്തിന്‍റെ എഡിറ്റിങ് കാണണമെന്നും അവർ ആവശ്യപ്പെടുന്നവരെയും കാണിക്കണമെന്നുമാണ്. അതിന് ശേഷം വിവരങ്ങൾ സംവിധായകൻ അവരെ ബോധ്യപ്പെടുത്തിയ ശേഷമേ മറ്റു കാര്യങ്ങളിലേക്ക് അവർ കടക്കുകയുള്ളൂവെന്നാണ് താരങ്ങളുടെ നിലപാട്.
ഇപ്പോൾ ഡബ്ബിംഗ് നടത്തുന്ന സിനിമയിലും ഇത്തരത്തിലുള്ള പ്രശ്‌നമുണ്ട്. താരം പറയുന്ന രീതിയിൽ റീ എഡിറ്റിംഗ് നടത്തിയാൽ മാത്രമേ സഹകരിക്കുകയുള്ളൂവെന്നാണ് അതിലെ പ്രധാന നടൻ പറയുന്നത്. ഇത്തരം സംഭവങ്ങൾ സിനിമ രംഗത്ത് കേട്ട് കേൾവിയില്ലാത്ത ഒന്നാണ്. സിനിമയുടെ അവകാശി എന്ന് പറയുന്നത് സംവിധായകനാണ്. ആവശ്യമെങ്കിൽ, പണം മുടക്കിയ നിർമാതാവിന് മാത്രമേ എഡിറ്റ് കാണിക്കുകയുള്ളൂവെന്നും ഫെഫ്‌ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്‌ണൻ പറഞ്ഞു.
ഞങ്ങൾ ഇല്ലെങ്കിൽ താരങ്ങളില്ല എന്നതാണ് ഇത്തരം പ്രശ്‌നങ്ങൾ നിരന്തരം സൃഷ്‌ടിക്കുന്നവരോട് പറയാനുള്ളത്. നിർമാതാക്കളുമായി ഈ വിഷയത്തിൽ ഫെഫ്‌ക സഹകരിച്ച് മുന്നോട്ട് പോകും. ഒരേ സമയം പല നിർമാതാക്കൾക്കും സംവിധായകർക്കും ചില താരങ്ങൾ തിയതി നൽകിയതായി പരാതി ലഭിച്ചിട്ടുണ്ട്. താരങ്ങൾ ആരൊക്കെയെന്ന് ഇപ്പോൾ വെളിപ്പെടുത്തുന്നില്ല.
നിർമാതാക്കളുമായും താരങ്ങളുമായും സംസാരിക്കണം. ഇത്തരത്തിലുള്ള ഏർപ്പാടുമായി മുന്നോട്ട് പോകാൻ കഴിയില്ലെന്നും ഏത് തരത്തിലുള്ള ചർച്ചയ്‌ക്കും ഫെഫ്‌ക തയ്യാറാണെന്നും ഫെഫ്‌ക ഭാരവാഹികൾ വ്യക്തമാക്കി.