പാഞ്ഞടുത്ത് ചക്കക്കൊമ്പന്‍; ബൈക്കില്‍ നിന്ന് വീണ് കര്‍ഷകന് പരിക്ക് - കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്
🎬 Watch Now: Feature Video
ഇടുക്കി: ചിന്നക്കനാലിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. രാജാക്കാട് സ്വദേശി തയ്യിൽ ജോണിക്കാണ് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റത്. രാവിലെ കൃഷിയിടത്തിലേക്ക് പോകും വഴി ജോണി സഞ്ചരിച്ചിരുന്ന ബൈക്കിന് നേരെ ചക്കക്കൊമ്പൻ പാഞ്ഞടുക്കുകയായിരുന്നു.
ചിന്നക്കനാൽ ബി.എൽറാമിലുള്ള ഏലത്തോട്ടത്തിലേക്ക് ബൈക്കിൽ യാത്ര ചെയ്യുന്നതിനിടയിൽ 80 ഏക്കറിന് സമീപം വച്ചാണ് ആക്രമണമുണ്ടായത്. ഈ സമയം റോഡിൽ നിലയുറപ്പിച്ചിരുന്ന ചക്കക്കൊമ്പൻ വാഹനത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. സമീപത്ത് എത്തിയപ്പോഴാണ് ആന നില്‍ക്കുന്നത് ജോണി കണ്ടത്. വാഹനത്തിൽ നിന്നും മറിഞ്ഞുവീണ ജോണി സമീപത്തെ കലുങ്കിലിൽ നിന്നും താഴേയ്ക്ക് പതിച്ചതിനാലാണ് കൊമ്പന്‍റെ മുന്നിൽ നിന്നും രക്ഷപ്പെട്ടത്. എന്നാല്‍ ബൈക്കിന് നേരെ ചക്കക്കൊമ്പൻ ആക്രമണം നടത്തി. പിന്നീട് നാട്ടുകാരും വനംവകുപ്പും ചേർന്നാണ് ആനയെ ഇവിടെ നിന്നും തുരത്തിയത്. അരിക്കൊമ്പനൊപ്പം ചക്കക്കൊമ്പനും മുറിവാലനും പകൽ സമയത്ത് പോലും ജനവാസ മേഖലയിൽ തമ്പടിക്കുന്നത് പ്രദേശവാസികളില്‍ വലിയ ആശങ്ക പരത്തുന്നുണ്ട്.
തോക്കെടുക്കാന്‍ വനംവകുപ്പ്: അതേസമയം ഇടുക്കിയില്‍ ഏറെ അപകടം വിതയ്‌ക്കുന്ന ഒറ്റയാന്‍ അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാന്‍ ഇക്കഴിഞ്ഞ ഫെബ്രുവരി 21 ന് വനം വകുപ്പ് ഉത്തരവിറക്കിയിരുന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഗംഗ സിങ് ഐഎഫ്എസ് ആണ് അരിക്കൊമ്പനെ പിടികൂടാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ ഉത്തരവ്.
കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ദേവികുളം റേഞ്ചില്‍ കാട്ടാന ആക്രമണത്തില്‍ പൊലിഞ്ഞത് 13 ജീവനുകളാണ്. കൂടാതെ മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ നിരവധി വീടുകളും ഏക്കറു കണക്കിന് ഭൂമിയിലെ കൃഷിയും നശിച്ചു. ഇതില്‍തന്നെ നാശനഷ്‌ടങ്ങള്‍ ഏറെയും വരുത്തിവച്ചത് അരിക്കൊമ്പനാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് ഒറ്റയാനെ പിടികൂടാന്‍ വനംവകുപ്പ് നടപടി ആരംഭിച്ചത്.