മാനന്തവാടിയിൽ ആനക്കൊമ്പുമായി ആറംഗ സംഘം അറസ്റ്റിൽ; പിടിച്ചെടുത്ത ആനക്കൊമ്പിന് അഞ്ചര കിലോ തൂക്കം - ആനക്കൊമ്പ് കച്ചവടം
🎬 Watch Now: Feature Video


Published : Nov 5, 2023, 7:29 AM IST
|Updated : Nov 5, 2023, 7:45 AM IST
വയനാട്: മാനന്തവാടിയിൽ ആനക്കൊമ്പുമായി കർണാടക സ്വദേശികൾ ഉൾപ്പെട്ട ആറംഗ സംഘം പിടിയിൽ. ആനക്കൊമ്പ് കച്ചവടം നടക്കുന്നതായി തിരുവനന്തപുരം വനം വകുപ്പ് ഇന്‍റലിജൻസ് സെല്ലിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയും, കൽപ്പറ്റ ഫ്ലയിംഗ് സ്ക്വാഡും, ബേഗൂർ റേഞ്ച് വനം വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പ് പിടികൂടിയത് (Six People Arrested Elephant Ivory In wayanad). മാനന്തവാടിയിലെ ഒരു സർവ്വീസ് സ്‌റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്‌തിരുന്ന കെഎൽ 54-ജി-3878 (KL54G) നമ്പർ സ്വിഫ്റ്റ് കാറിൽ നിന്നുമാണ് അഞ്ചര കിലോ തൂക്കം വരുന്ന ആനക്കൊമ്പ് കണ്ടെത്തിയത്. തുടർന്ന് പരിസരത്തെ ഒരു ലോഡ്‌ജിൽ നിന്നും ആറ് പ്രതികളെയും കസ്‌റ്റഡിയിൽ എടുത്തു. കർണാടക പൊന്നമ്പേട്ട അറവത്തൊക്കളു സ്വദേശികളായ ഫിലിപ്പോസ് മാത്യു (68), ബിവി രാജ, പോളിബെട്ട ഷെട്ടിഗിരി ഗപ്പ, വാകേരി സ്വദേശികളായ മൂടക്കൊല്ലി കാക്കനാട് വീട്ടിൽ കെ.ടി എൽദോ, കക്കടംകുന്ന് എടത്തറ വീട്ടിൽ ഇ.എസ് സുബീഷ് (36), കല്ലൂർക്കുന്ന് കാക്കനാട്ട് വീട്ടിൽ ജസ്‌റ്റിൻ ജോസ് (24) എന്നിവരാണ് പിടിയിലായത്. ഇവരെ ബേഗൂർ റേഞ്ച് ഫോറസ്‌റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. പ്രതികളെ വിശദമായി ചോദ്യം ചെയ്‌ത് വരുന്നതായി വനം വകുപ്പ് വ്യക്തമാക്കി.