എലത്തൂര്‍ ട്രെയിന്‍ ആക്രമണം: മരിച്ചവരുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി
🎬 Watch Now: Feature Video
കണ്ണൂർ: കോഴിക്കോട് എലത്തൂരില്‍ ട്രെയിനിലുണ്ടായ തീവയ്പ്പിനെ തുടര്‍ന്ന് മരിച്ച മട്ടന്നൂര്‍ സ്വദേശികളുടെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് ഉച്ചയ്ക്ക് 1.30ന് സംഭവത്തില്‍ മരിച്ച പാലോട്ട് പള്ളി സ്വദേശിനി മണിക്കോത്ത് റഹ്മത്തിന്‍റേയും ചിത്രാരി സ്വദേശി നൗഫീഖിന്‍റേയും വീടുകളാണ് പിണറായി സന്ദർശിച്ചത്. ജില്ല കലക്‌ടര്‍ ആർ ചന്ദ്രശേഖര്‍, സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എംവി ജയരാജൻ, പൊലീസ് മേധാവി എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.
ദുരന്തത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്‌ടപരിഹാര തുക മുഖ്യമന്ത്രി കുടുംബത്തിന് കൈമാറി. മരിച്ച മൂന്നുപേരുടെയും കുടുംബത്തിന് അഞ്ച് ലക്ഷം വീതമാണ് നഷ്‌ടപരിഹാരം പ്രഖ്യാപിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എന്നിവരും കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തിയിരുന്നു.
കണ്ണൂർ മട്ടന്നൂർ ബദരിയ മൻസിൽ റഹ്മത്ത് (44), റഹ്മത്തിന്‍റെ സഹോദരിയുടെ മകള്‍ സെഹ്റ ബത്തൂൽ (രണ്ട്), മട്ടന്നൂർ പുതിയപുര നൗഫീഖ് (38) എന്നിവരെയാണ് എലത്തൂര്‍ ട്രെയിൻ ആക്രമണത്തിന് പിന്നാലെ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഏപ്രില്‍ രണ്ടിന് രാത്രി 9.20നാണ് ആലപ്പുഴ - കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്‌പ്രസില്‍ തീവയ്‌പ്പുണ്ടായത്.