പൂക്കളുടെ വര്‍ണ വിസ്‌മയം തീര്‍ത്ത് മൂന്നാറില്‍ മേള, മുഖ്യാകര്‍ഷണമായി മ്യൂസിക്കല്‍ ഫൗണ്ടന്‍ ; ഒഴുകിയെത്തി സഞ്ചാരികള്‍
🎬 Watch Now: Feature Video
ഇടുക്കി : തെക്കിന്‍റെ കശ്‌മീരിൽ പൂക്കളുടെ വർണ വിസ്‌മയം തീർത്ത് മേള. ജില്ല ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന മേളയിൽ സഞ്ചാരികളുടെ വന്‍ തിരക്ക്. പുഷ്‌പമേള ആരംഭിച്ച് ആറുദിവസം പിന്നിടുമ്പോള്‍ അരലക്ഷത്തിലധികം സഞ്ചാരികളാണ് മേള ആസ്വദിച്ച് മടങ്ങിയത്. അവധിക്കാലത്ത് മൂന്നാറിലെത്തുന്ന സന്ദർശകരെ ആകർഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് മേള സംഘടിപ്പിച്ചത്.
നിരവധി സെൽഫി പോയിന്‍റുകൾ, വിവിധയിനം ലൈറ്റുകള്‍, ഭക്ഷ്യമേള, വിവിധ കലാപരിപാടികൾ, വിപണന മേള എന്നിവയും പുഷ്‌പമേളയില്‍ സഞ്ചാരികൾക്കായി ഒരുക്കിട്ടുണ്ട്. ടൂറിസം വകുപ്പ്, ജില്ല ഭരണകൂടം, ത്രിതല പഞ്ചായത്തുകൾ, ഹോട്ടൽ സംഘടനകൾ വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെയാണ് മേള നടക്കുന്നത്. എല്ലാദിവസവും ആറുമണിയോടെ കലാപരിപാടികളും അരങ്ങേറും. വിദേശ രാജ്യങ്ങളിൽ നിന്നും മൂന്നാറിൽ നിന്നുമുള്ള പതിനായിരത്തിലധികം ചെടികളും പൂക്കളുമാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.
വിവിധ നിറത്തിലുള്ള റോസാപുഷ്‌പങ്ങളും ഡാലിയ പൂക്കളുമാണ് മേളയിലെ പ്രധാന ആകർഷണം. കൂടാതെ ടുലിപ് പൂക്കൾ, ഒലിവ്, മക്നോലിയ, കമിലിയ തുടങ്ങി വിവിധയിനം വിദേശയിനങ്ങളും ഇവിടെയുണ്ട്. സഞ്ചാരികളുടെ കണ്ണിന് കൗതുകമേകി മ്യൂസിക്കൽ ഫൗണ്ടനും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ചൂട് ഉയരുമ്പോഴും മൂന്നാറിലെ തണുപ്പ് ആസ്വദിക്കാനും പുഷ്‌പമേള കാണാനും നിരവധി സഞ്ചാരികളാണ് എത്തുന്നത്. പത്താം തീയതി മേള സമാപിക്കും.