Drug Sent Through Courier : പുസ്‌തക താളുകളില്‍ മയക്കുമരുന്ന്, എത്തുന്നത് കൊറിയര്‍ വഴി വിദേശത്തുനിന്ന് ; അഹമ്മദാബാദ് പ്രധാന ഹബ്
🎬 Watch Now: Feature Video
Published : Oct 1, 2023, 1:49 PM IST
അഹമ്മദാബാദ് : അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നും കൊറിയര്‍ വഴി മയക്കുമരുന്നുകള്‍ (Drug Sent Through Courier). അയക്കുന്നതാകട്ടെ വളരെ വ്യത്യസ്‌തമായ രീതിയിലും. പേപ്പറുകള്‍ മയക്കുമരുന്നില്‍ കുതിര്‍ത്ത് ഉണക്കിയെടുത്ത്, അത് ബൈന്‍ഡ് ചെയ്‌ത് പുസ്‌തക രൂപത്തിലാക്കിയാണ് കടല്‍കടന്നെത്തുന്നത്. ഡെലിവറി ആകുന്ന ഈ പുസ്‌തകങ്ങളില്‍ നിന്ന് താളുകള്‍ അടര്‍ത്തി അവ ചൂടുവെള്ളത്തില്‍ ലയിപ്പിക്കുന്നതോടെ മയക്കുമരുന്ന് വില്‍ക്കാനുള്ള പാകത്തില്‍ ലഭിക്കുകയും ചെയ്യും. ഇത്തരത്തില്‍ എത്തിയ 46 ലക്ഷം രൂപയുടെ മയക്കുമരുന്ന് അഹമ്മദാബാദില്‍ പിടികൂടി (Drug parcel seized in Ahmadabad). സിറ്റി സൈബര്‍ ക്രൈം, കസ്റ്റംസ് വിഭാഗങ്ങള്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇന്ത്യന്‍-വിദേശ മയക്കുമരുന്ന് റാക്കറ്റിന്‍റെ പ്രധാന ചരക്ക് പിടികൂടിയത്. റാക്കറ്റിലെ കണ്ണികളെ കണ്ടെത്താനായില്ലെങ്കിലും ലക്ഷങ്ങള്‍ വിലവരുന്ന ഹൈഗ്രേഡ് കഞ്ചാവ്, കൊക്കെയ്‌ന്‍ തുടങ്ങിയവ പിടികൂടാനായി. അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് അഹമ്മദാബാദിലേക്ക് വ്യാപകമായി മയക്കുമരുന്ന് എത്തുന്നത് എന്നാണ് വിവരം. ഡാര്‍ക്ക് വെബ്, സോഷ്യല്‍ മീഡിയ എന്നിവ വഴി ഓര്‍ഡര്‍ ചെയ്‌താണ് രാജ്യത്തെ മയക്കുമരുന്ന് മാഫിയ വിദേശത്ത് നിന്ന് വന്‍തോതില്‍ ചരക്കെത്തിക്കുന്നത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 2.31 ഗ്രാം കൊക്കെയ്‌നും 5.970 കിലോ കഞ്ചാവുമാണ് പിടികൂടിയത്. 20 പാഴ്‌സലുകളിലായാണ് മയക്കുമരുന്ന് കണ്ടെത്തിയത്. അന്വേഷണത്തില്‍ പാഴ്‌സലുകള്‍ എത്തിയ അഡ്രസുകള്‍ വ്യാജമാണെന്ന് അധികൃതര്‍ മനസിലാക്കി. കൊറിയര്‍ അയച്ച കമ്പനിയെ കുറിച്ചും ഇതുവരെ ഇത്തരത്തില്‍ എത്ര തവണ അഹമ്മദാബാദില്‍ എത്തി എന്നതിനെ കുറിച്ചും ബന്ധപ്പെട്ട കണ്ണികളെ കുറിച്ചും അന്വേഷണം നടക്കുകയാണ്. അമേരിക്കയും കാനഡയും ഉള്‍പ്പടെ മൂന്ന് രാജ്യങ്ങളുടെ പേരുകളാണ് മയക്കുമരുന്ന് റാക്കറ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേള്‍ക്കുന്നത്. കാനഡയില്‍ നിന്നെത്തിയ മയക്കുമരുന്ന് പാഴ്‌സലില്‍ ഖലിസ്ഥാന്‍ ഭീകരര്‍ക്ക് പങ്കുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ട്.