ആഴ്‌ചയിൽ ലഭിക്കുന്നത് വെറും 600 ലിറ്റർ വെള്ളം മാത്രം; ആശാരികണ്ടം തേന്‍പാറ നിവാസികൾക്ക് കുടിവെള്ളം കിട്ടാക്കനി - ആശാരികണ്ടംതേന്‍പാറയിൽ കുടിവെള്ളം കിട്ടാക്കനി
🎬 Watch Now: Feature Video
ഇടുക്കി: കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുകയാണ് നെടുങ്കണ്ടം ആശാരികണ്ടംതേന്‍പാറ നിവാസികൾക്ക്. ആഴ്‌ചയില്‍ പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന 600 ലിറ്റര്‍ വെള്ളത്തെ ആശ്രയിച്ചാണ് ഇവിടുത്തെ ജനങ്ങളുടെ ജീവിതം. ഒന്നര വര്‍ഷമായി മേഖലയിലേക്കുള്ള കുടിവെള്ള വിതരണം കാര്യക്ഷമമല്ല.
ആഴ്‌ചയില്‍ മൂന്ന് ദിവസം പഞ്ചായത്തില്‍ നിന്നും വാഹനത്തില്‍ ആശാരികണ്ടംതേന്‍പാറയില്‍ കുടിവെള്ളം എത്തിക്കും. ഒരു കുടുംബത്തിന് 200 ലിറ്റര്‍ വെള്ളം വീതമാണ് ഒരു തവണ നല്‍കുക. ആഴ്‌ചയില്‍ ആകെ 600 ലിറ്റര്‍ വെള്ളം. ചില ആഴ്‌ചകളില്‍ ഇതും മുടങ്ങും. ഇതിനാൽ കൂലിവേലക്കാരയ പ്രദേശവാസികള്‍ വില കൊടുത്താണ് ദൈനംദിന ആവശ്യങ്ങള്‍ക്കായി വെള്ളം എത്തിക്കുന്നത്.
നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്കുള്ള ജലവിതരണത്തിനായി സ്ഥാപിച്ചിരുന്ന പദ്ധതിയില്‍ നിന്നുമാണ് ആശാരികണ്ടംതേന്‍പാറയില്‍ കുടിവെളളം വിതരണം ചെയ്‌തിരുന്നത്. എന്നാല്‍ ഒന്നര വര്‍ഷം മുന്‍പ് പദ്ധതി നിലച്ചു. താലൂക്ക് ആശുപത്രിയിലേക്ക് മറ്റ് മാര്‍ഗങ്ങളിലൂടെ വെള്ളം എത്തിച്ചതോടെ ഇവിടേക്ക് വെള്ളം ലഭിക്കാതെയായി.
നിലവിൽ കുഴല്‍ കിണര്‍ സ്ഥാപിച്ച് പ്രശ്‌ന പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്. മുന്‍പുണ്ടായിരുന്ന പദ്ധതിയുടെ പൈപ്പുകള്‍ നിലനില്‍ക്കുന്നതിനാല്‍ കുഴല്‍ കിണര്‍ സ്ഥാപിച്ചാല്‍ ജല വിതരണം കാര്യക്ഷമമാക്കാനാകുമെന്നാണ് പഞ്ചായത്ത് അധികൃതരുടെ പ്രതീക്ഷ.