ഡോ.വന്ദന ദാസിന്‍റെ വീട്ടിലെത്തി സ്‌മൃതി ഇറാനി; കുടുംബത്തെ ആശ്വസിപ്പിച്ചും അസ്ഥിത്തറയില്‍ പ്രണാമം അര്‍പ്പിച്ചും മടക്കം - ഡ്യൂട്ടിക്കിടെ അക്രമിയാൽ കൊല്ലപ്പെട്ട ഡോക്‌ടർ
🎬 Watch Now: Feature Video
കോട്ടയം : കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ അക്രമിയാൽ കൊല്ലപ്പെട്ട ഡോക്‌ടർ വന്ദന ദാസിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് കേന്ദ്ര വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി സ്‌മൃതി ഇറാനി. മുട്ടുചിറയിലെ വന്ദനയുടെ വീട്ടിലെത്തിയ കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനിക്കൊപ്പം കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുമുണ്ടായിരുന്നു. തിങ്കളാഴ്‌ച വൈകിട്ട് ആറിന് വന്ദന ദാസിന്‍റെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി ഡോ.വന്ദനയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്‌തു. വന്ദനയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മന്ത്രി വീടിന് സമീപത്തുള്ള അസ്ഥിത്തറയില്‍ പ്രണാമം അര്‍പ്പിക്കുകയും ചെയ്‌തു.
ഇക്കഴിഞ്ഞ മെയ് പത്തിനാണ് മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന തരത്തില്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ ഡോക്‌ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ അക്രമിയുടെ കുത്തേറ്റ് മരിക്കുന്നത്. അറസ്‌റ്റ് ചെയ്‌ത് വൈദ്യ പരിശോധനയ്‌ക്കെത്തിച്ചപ്പോള്‍ കൊല്ലം നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനായിരുന്ന ശ്രീനിലയം കുടവട്ടൂര്‍ സന്ദീപാണ് ഡോക്‌ടര്‍ക്കുനേരെ ആക്രമണം നടത്തുന്നത്. ആശുപത്രിയിലെ ടേബിളില്‍ നിന്ന് കത്രിക കൈക്കലാക്കി ഇയാള്‍ വന്ദനയെയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരെയും ആക്രമിക്കുകയായിരുന്നു.
ആക്രമണത്തില്‍ കഴുത്തില്‍ ആഴത്തിൽ മുറിവേറ്റ ഡോക്‌ടറെ ഉടൻ തന്നെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ വന്ദന ദാസിന് പുറമെ പൊലീസുകാരനായ മണിലാല്‍, ഹോം ഗാര്‍ഡ് അലക്‌സ് കുട്ടി എന്നിവര്‍ക്കും കുത്തേറ്റിരുന്നു.