Daya Bai Hunger Strike | ആരോഗ്യ മേഖലയില്‍ അവഗണന, വീണ്ടും നിരാഹാര സമരം നടത്തി ദയാബായി - Hunger Strike
🎬 Watch Now: Feature Video
കാസര്‍കോട് : ആരോഗ്യ മേഖലയില്‍ കാസര്‍കോട് ജില്ലയോടുള്ള അവഗണനയ്‌ക്കെതിരെ മെഡിക്കല്‍ കോളജിന് മുന്നില്‍ സാമൂഹിക പ്രവര്‍ത്തക ദയാബായിയുടെ നിരാഹാര സമരം. കാസർകോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരോടും പാവപ്പെട്ടവരോടും കരുണ കാണിക്കണമെന്നാവശ്യപ്പെട്ടാണ് ദയാബായി ഏകദിന നിരാഹാര സമരം നടത്തിയത്. ആരോഗ്യ രംഗത്ത് കാസര്‍കോട് ജില്ലയോട് നിരന്തരം അവഗണനയാണെന്നും അവർ വ്യക്തമാക്കി. സര്‍ക്കാര്‍ നടപടിയുണ്ടായില്ലെങ്കില്‍ സമരം കടുപ്പിക്കുമെന്നും ദയാബായി മുന്നറിയിപ്പ് നല്‍കി. ഇന്നലെ (29.7.23) രാവിലെ 10 മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളജിന് മുന്നില്‍ ദയാബായി നിരാഹാര സമരം കിടന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിയ സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ വാഗ്‌ദാനങ്ങള്‍ പലതും പാലിച്ചില്ലെന്ന് ദയാബായി പറഞ്ഞു. മൂവ്‌മെന്‍റ് ഫോര്‍ ബെറ്റര്‍ കേരളയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ സമരം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ അടക്കമുള്ളവര്‍ക്ക് വിദഗ്‌ധ ചികിത്സയ്‌ക്ക് ജില്ലയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്നാണ് പ്രധാനമായും ഉന്നയിക്കുന്ന ആവശ്യം. നിരവധി പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. ഓട്ടോ തൊഴിലാളികളും ഐക്യദാർഢ്യവുമായി എത്തി. അതിനിടെ കാസർകോട് എൻഡോസൾഫാൻ ബാധിത മേഖലകളിൽ മെഡിക്കൽ ക്യാമ്പ് നടത്തുന്നതിലേക്കായി മാർഗനിർദേശങ്ങൾ തയ്യാറാക്കാൻ വിദഗ്‌ധ കമ്മറ്റിക്ക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് രൂപം നൽകി. സംസ്ഥാനത്തെ വിവിധ മെഡിക്കൽ കോളജുകളിൽ നിന്നുള്ള ഡോക്‌ടർമാരും ശ്രീചിത്ര, ബെംഗളൂരു നിംഹാൻസ്, എയിംസ് എന്നിവിടങ്ങളുടെ ഡോക്‌ടർമാരും ഉൾപ്പെടുന്നതാണ് സമിതി. കാസർകോട് ജില്ല കലക്‌ടറുടെ ആവശ്യപ്രകാരമാണ് മാർഗനിർദേശം തയ്യാറാക്കാനായി വിദഗ്‌ധ സമിതി രൂപീകരിച്ചത്. സെക്രട്ടേറിയറ്റ് നടയിൽ ദയാബായി നടത്തിയ എൻഡോസൾഫൻ ദുരിത ബാധിതർക്കായുള്ള സമരത്തിൻ്റെ പ്രധാന ആവശ്യം മെഡിക്കൽ ക്യാമ്പ് എന്നതായിരുന്നു. സമരം അവസാനിപ്പിക്കുന്നതിനുള്ള മന്ത്രിതല ചർച്ചയിൽ അന്ന് ഇക്കാര്യം അംഗീകരിച്ചെങ്കിലും മെഡിക്കൽ ക്യാമ്പ് നീളുകയായിരുന്നു.