Climbing Hills With Dance| നൃത്തചുവടുകളുമായി മലകയറി കൃഷ്‌ണവാസു ശ്രീകാന്ത്, ലക്ഷ്യമറിയാം... - ആന്ധ്രപ്രദേശ് വാര്‍ത്തകള്‍
🎬 Watch Now: Feature Video
ആന്ധ്രപ്രദേശ്: തനതായ കലാരൂപങ്ങള്‍ കൊണ്ടും സാംസ്‌കാരിക വൈവിധ്യം കൊണ്ടും നിറഞ്ഞ രാജ്യമാണ് ഇന്ത്യ. ദേശ സംസ്‌കാരങ്ങളും ജാതിമത വ്യത്യാസങ്ങളും നിറഞ്ഞ് നില്‍ക്കുന്ന നിരവധി കലാരൂപങ്ങളുടെ ഈറ്റില്ലമാണ് ഇന്ത്യ. ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയവയെല്ലാം ഇന്ത്യയെ മറ്റിടങ്ങളില്‍ നിന്നെല്ലാം വ്യത്യസ്‌തമാക്കുന്നു.
നമ്മുടെ സ്വന്തം കലാരൂപങ്ങളായ ഇവയ്‌ക്കെല്ലാം വിദേശ രാജ്യങ്ങളില്‍ പ്രത്യേക അംഗീകാരമുണ്ട്. വിവിധ സാംസ്‌കാരിക- കല വേദികളില്‍ ഭരതനാട്യവും കുച്ചിപ്പുടിയും ഉള്‍പ്പെടെയുള്ള അവതരിപ്പിക്കുന്ന നിരവധി കലാകാരന്മാരെ നാം കണ്ടിട്ടുണ്ട്. എന്നാല്‍ നൃത്തം ചെയ്‌ത് കുന്നുകളും മലകളും കയറുകയാണ് ആന്ധ്രപ്രദേശില്‍ നിന്നുള്ള ഒരു യുവ കലാകാരന്‍. പോലൂര്‍ സ്വദേശിയായ 35 കാരന്‍ കൃഷ്‌ണവാസു ശ്രീകാന്താണ് തന്‍റെ വേറിട്ട മലകയറ്റത്തിലൂടെ ശ്രദ്ധേയനായത്.
നിരവധി കലാരൂപങ്ങളുടെ കേന്ദ്രമാണ് ഇന്ത്യ. എന്നാല്‍ ഇവിടെ പുതിയ തലമുറകള്‍ക്ക് ഇതിലൊന്നും താത്‌പര്യമില്ലെന്നത് മറ്റൊരു യാഥാര്‍ഥ്യമാണ്. അതുകൊണ്ട് തന്നെ പുതുതലമുറയെ ബോധവത്‌കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൃഷ്‌ണവാസു ശ്രീകാന്ത് തന്‍റെ വേറിട്ട നൃത്ത ചുവടുകളുമായി മലകയറുന്നത്. തിരുപ്പതിയിലെ മല മുകളിലുള്ള ക്ഷേത്രത്തിലേക്കാണ് കൃഷ്‌ണവാസു ശ്രീകാന്ത് ഭരതനാട്യം കളിച്ച് കൊണ്ട് കയറിയത്.
ക്ഷേത്രത്തിലേക്കുള്ള ഓരോ കോണിപ്പടിയിലും ഓരേ സ്റ്റെപ്പ് വച്ച് ആസ്വാദിച്ച് കൊണ്ടാണ് കൃഷ്‌ണവാസു ശ്രീകാന്തിന്‍റെ മല കയറ്റം. ശാസ്‌ത്രീയ കലകളെ ഇന്നത്തെ തലമുറയിലേക്ക് അടുപ്പിക്കുകയെന്ന ലക്ഷ്യമാണ് തന്‍റെ ഈ പ്രയത്നത്തിന് പിന്നിലെന്നാണ് കൃഷ്‌ണവാസു പറയുന്നത്. സാധാരണയായി ശ്രീവരി സ്റ്റെപ്പിലൂടെ തിരുമലയിലെത്താന്‍ ഭക്തര്‍ എടുക്കുന്ന സമയം 2 മുതല്‍ 3 മണിക്കൂര്‍ വരെയാണ്. എന്നാല്‍ ആസ്വദിച്ച് നൃത്തം വച്ച് കൃഷ്‌ണവാസു മുകളിലെത്തിയത് വെറും 75 മിനിറ്റ് കൊണ്ട്.
ക്ഷേത്രത്തിലെത്തുന്ന ഭക്തരെയും വിനോദ സഞ്ചാരികളെയും കലകളിലേക്ക് ആകര്‍ഷിക്കുകയെന്നതാണ് കൃഷ്‌ണവാസു ശ്രീകാന്തിന്‍റെ പ്രധാന ലക്ഷ്യം. തിരുമലയ്‌ക്ക് പുറമെ സിംഹാചലം, കോട്ടപ്പകൊണ്ട, ശിവഗിരി തുടങ്ങിയ പ്രശസ്‌ത ഇടങ്ങളിലെല്ലാം ശ്രീകാന്ത് ഇത്തരത്തില്‍ നൃത്തം ചെയ്‌തിട്ടുണ്ട്. സിംഹാചലം, കോട്ടപ്പകൊണ്ട എന്നിവിടങ്ങളില്‍ 15 മിനിറ്റാണ് ശ്രീകൃഷ്‌ണവാസു നൃത്തം ചെയ്‌തത്.
ഈ നൃത്താഭ്യാസത്തിലൂടെ തന്‍റെ ഏകാഗ്രത വർധിച്ചെന്ന് ശ്രീകാന്ത് പറയുന്നു. ഭരതനാട്യം പഠിക്കാൻ വിദ്യാർഥികളും യുവാക്കളും മുന്നോട്ട് വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. തബല കലാകാരനായിരുന്ന പോലൂരി രാമറാവുവിന്‍റെയും വയലിനിസ്റ്റായ ലക്ഷ്‌മിയുടെയും മകനാണ് ശ്രീകൃഷ്‌ണവാസു ശ്രീകാന്ത്. കുട്ടിക്കാലത്ത് സഹോദരിക്കൊപ്പം നൃത്തം ചെയ്‌ത് തുടങ്ങി. അച്ഛനും അമ്മയും സഹോദരിയും അടങ്ങുന്ന കുടുംബത്തില്‍ നിന്നുണ്ടായ പ്രചോദനമാണ് തന്നെ ഒരു കലാകാരനാക്കിയതെന്നും ശ്രീകൃഷ്‌ണവാസു ശ്രീകാന്ത് പറയുന്നു.
തിരുപ്പതിയിലെ എസ്‌വി കോളജ് ഓഫ് മ്യൂസിക് ആൻഡ് ഡാൻസിൽ നിന്ന് നാലുവർഷത്തെ കോഴ്‌സ് പൂർത്തിയാക്കിയ ശ്രീകാന്ത് സംസ്‌കൃതത്തില്‍ എംഫിലും പിഎച്ച്‌ഡിയും പൂര്‍ത്തിയാക്കി. നിലവില്‍ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്‍റെ കീഴിലുള്ള കോട്ടപ്പകൊണ്ടയിൽ പ്രവർത്തിക്കുന്ന വേദപാഠശാലയിൽ സംസ്‌കൃത അധ്യാപകനാണ് കൃഷ്‌ണവാസു ശ്രീകാന്ത്. വൈകുന്നേരങ്ങളിലെ ഇടവേളകളില്‍ അദ്ദേഹം വീട്ടില്‍ ഭരതനാട്യം പഠിപ്പിക്കുന്നുമുണ്ട്.
മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് ശ്രീകൃഷ്‌ണവാസു ശ്രീകാന്ത്: വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ മത്സരിക്കുന്ന ഇക്കാലത്ത് കുട്ടികള്‍ക്ക് സംഗീതം, നൃത്തം, കായികം എന്നിവയിലും കഴിവ് വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധ ചെലുത്തണമെന്ന് ശ്രീകൃഷ്‌ണവാസു ശ്രീകാന്ത് പറഞ്ഞു. മാത്രമല്ല ഇത്തരം കലകളെ ജീവിതത്തിന്‍റെ ഭാഗമാക്കാന്‍ സര്‍ക്കാറും ഭരണാധികാരികളും മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.