മണ്ഡല പൂജയ്ക്ക് ദിവസങ്ങൾ ബാക്കി, ശബരിമലയിൽ വൻ ഭക്തജന തിരക്ക്;ഇന്നലെ മാത്രം ദര്‍ശനത്തിന് എത്തിയത് 97,000 പേർ
🎬 Watch Now: Feature Video
Published : Dec 24, 2023, 7:14 PM IST
|Updated : Dec 24, 2023, 7:45 PM IST
പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശബരിമലയില്‍ വൻ ഭക്തജന തിരക്ക് തുടരുകയാണ്. സന്നിധാനത്തും പമ്പയിലുമായി ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഭക്തർ മണിക്കൂറുകൾ ക്യൂ നിന്നാണ് ഇന്നലെ പതിനെട്ടാം പടി കയറിയത്. ദര്‍ശനത്തിനായി ഭക്തരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഔദ്യോഗിക കണക്കനുസരിച്ച് ഇന്നലെ മാത്രം 97,000 ത്തോളം അയ്യപ്പ ഭക്തരാണ് സന്നിധാനത്ത് ദര്‍ശനത്തിന് എത്തിയത്. ഭക്തജന തിരക്ക് കാരണം പമ്പയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇക്കുറി വൃശ്ചികം ഒന്നിന് തന്നെ പുല്ലുമേട് കാനനപാത തുറന്നു നൽകിയിരുന്നു. ഇത്തവണ പുല്ലുമേട് വഴിയും തീർത്ഥാടകരുടെ ഒഴുക്കാണ്. വരും മണിക്കൂറുകളില്‍ തിരക്കില്‍ വര്‍ദ്ധനവ് ഉണ്ടായാല്‍ ജില്ലയുടെ പല ഭാഗങ്ങളിലും വാഹന നിയന്ത്രണത്തിനും സാധ്യതയുണ്ട്. ആറന്മുളയിൽ നിന്നും പുറപ്പെട്ട തങ്കയങ്കി ഘോഷയാത്ര 26ന് ശബരിമലയില്‍ എത്തും. 27നാണ് മണ്ഡല പൂജ. 27ന് 10.30 നും 11.30 നും മദ്ധ്യേയാണ് മണ്ഡല പൂജ നടക്കുക. മണ്ഡല പൂജയ്ക്ക് ശേഷം 27ന് രാത്രി ക്ഷേത്രനട അടക്കും. 30ന് വൈകിട്ട് അഞ്ച് മണിയ്‌ക്ക് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കും