Uniform Civil Code | 'ഏക സിവിൽ കോഡ് വാദത്തിൻ്റെ പിതാവ് ഇഎംഎസ്, നടക്കുന്നത് ജനസ്വാധീനം തിരിച്ചുപിടിക്കാനുള്ള വെപ്രാളം : സി.പി ജോണ്‍ - സിപിഎം

🎬 Watch Now: Feature Video

thumbnail

By

Published : Jul 12, 2023, 10:54 PM IST

തിരുവനന്തപുരം : ഏക സിവിൽ കോഡ് വാദത്തിൻ്റെ പിതാവ് ഇഎംഎസ് നമ്പൂതിരിപ്പാടാണെന്ന് സിഎംപി ജനറൽ സെക്രട്ടറി സി.പി ജോൺ. ഇനി എല്ലാവർക്കും ഒരു നിയമം മതിയെന്ന് ആദ്യം പറഞ്ഞത് ഇഎംഎസ്സാണ്. ശരീഅത്ത് ഒരു വലിയ ആപത്താണെന്നും അത് പ്രാകൃത നിയമമാണെന്നും ഈ പ്രാകൃത നിയമം അംഗീകരിക്കാൻ കഴിയില്ലെന്നും 1985 കാലഘട്ടത്തിൽ ഇഎംഎസ് പറഞ്ഞുവെന്നും സി.പി ജോൺ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

സിപിഎം രാഷ്ട്രീയ സത്യസന്ധത കാണിക്കണം. 1985, 1986 കാലഘട്ടത്തിൽ  ഇഎംഎസിന്‍റെ നേതൃത്വത്തിൽ സിപിഎം എടുത്ത രാഷ്ട്രീയ സമീപനം തെറ്റായിരുന്നുവെന്ന് അംഗീകരിക്കാൻ തയ്യാറായാൽ പ്രശ്‌നമില്ല. തങ്ങൾ എല്ലാകാലത്തും ഏക സിവിൽ കോഡിനെതിരെയായിരുന്നുവെന്ന് സിപിഎം പറഞ്ഞാൽ അത് രാഷ്ട്രീയ പാപ്പരത്വത്തിന്‍റെയും അവസരവാദ രാഷ്ട്രീയത്തിന്‍റെയും മറുവാക്കായി മാറുമെന്നും സി.പി ജോണ്‍ കുറ്റപ്പെടുത്തി.

വെട്ടാന്‍ നോക്കി വെട്ടിലായി: തട്ടിപ്പ് നടത്തിയാൽ പോരാ സിപിഎം തിരുത്തണം. ഏക സിവിൽ കോഡിനെതിരായി ഐക്യ ജനാധിപത്യ മുന്നണിയിൽ നിന്ന് കക്ഷികളെ പിടിച്ചെടുക്കാനാണ് സിപിഎം ശ്രമിച്ചതെങ്കിൽ സ്വന്തം മുന്നണിക്ക് അകത്തുതന്നെ ഭിന്നത വരുത്തി തീർക്കുന്ന സാഹചര്യമാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. സിപിഎം യാതൊരു ലജ്ജയുമില്ലാതെ സിവിൽ കോഡിനെതിരെ നടത്തുന്ന സെമിനാറിൽ പങ്കെടുക്കാൻ മുസ്‌ലിം ലീഗിനെ ക്ഷണിച്ചു. സിപിഎമ്മിനകത്ത് ഇഎംഎസ് ഉയർത്തിയ ഏക സിവിൽ കോഡ് വാദവും ശരീഅത്ത് വിരോധവുമാണ് പിന്നീട് എം.വി രാഘവനെ പുറത്താക്കുന്നതിലേക്കും സിഎംപി രൂപീകരിക്കുന്നതിലേക്കും എത്തിയത്.

എന്നാൽ എംവിആർ അന്നുതന്നെ പറഞ്ഞു, ഇത് ബിജെപിക്ക് വളരാനുള്ള കളമൊരുക്കുമെന്ന്. ഭൂരിപക്ഷ വർഗീയ ശക്തികളെ വളർത്താനുള്ള ആശയത്തിന്‍റെ വിത്താണ് ഇഎംഎസ് വിതയ്ക്കുന്നതെന്ന് എംവിആർ അന്ന് ചൂണ്ടിക്കാട്ടിയിരുന്നുവെന്നും സി.പി ജോൺ അഭിപ്രായപ്പെട്ടു. ഭൂരിപക്ഷ വർഗീയതയുടെ വർഗപരമായ ദുഷ്‌ടലാക്ക് മനസ്സിലാക്കാതെ ന്യൂനപക്ഷ ജനാധിപത്യ പ്രസ്ഥാനങ്ങളെ ചെളിവാരിയെറിയാനാണ് ഇഎംഎസും സിപിഎമ്മും ശ്രമിച്ചത്. നഷ്‌ടപ്പെട്ടുകൊണ്ടിരിക്കുന്ന ജനസ്വാധീനം തിരിച്ചുപിടിക്കാൻ നടത്തുന്ന വെപ്രാളമാണ് സിവിൽ കോഡ് പ്രശ്‌നത്തിൽ കാണാൻ സാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എം.വി ഗോവിന്ദനെതിരെ പരിഹാസം : ഒരാഴ്‌ചയിൽ ഒന്ന് രണ്ട് ദിവസം എം.വി ഗോവിന്ദൻ പറയുന്നത് സിഎംപിയുടെ രാഷ്ട്രീയമാണ്. എം.വി ഗോവിന്ദനെ സംബന്ധിച്ച് ഇടയ്ക്കിടയ്ക്ക് എംവിആർ കയറിവരുന്നുണ്ട്. ഗോവിന്ദൻ മാഷ് ഇടയ്ക്കിടയ്ക്ക് ഓർമ്മ തെറ്റുന്ന സമയത്ത് എന്തെങ്കിലും പറഞ്ഞാൽ പോരാ, പാർട്ടിയും പൊളിറ്റ് ബ്യൂറോയും തിരുത്തണമെന്നും അവസരവാദ രാഷ്ട്രീയം കൊടുംപരാജയത്തിലാകും എത്തിക്കുകയെന്നും സി.പി ജോൺ പറഞ്ഞു.

34 വർഷം ബംഗാൾ ഭരിച്ച സിപിഎമ്മിന് ഇക്കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ദയനീയമായ മൂന്നാം സ്ഥാനം മാത്രമാണ് ലഭിച്ചത്. അസംബ്ലിയിൽ ഇടതുമുന്നണി വട്ടപ്പൂജ്യമായി. അതേസമയം ജൂലൈ 27ന് ഏക സിവിൽ കോഡ്, മണിപ്പൂർ കലാപം, സിപിഎമ്മിന്‍റെ അവസരവാദ നയം എന്നീ വിഷയങ്ങൾക്കെതിരെ പാർട്ടിയുടെ 38 -ാം സ്ഥാപക ദിനത്തിൽ സാമൂഹ്യ ഐക്യ ദിനമായി ആചരിക്കുമെന്നും പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം കൊല്ലത്ത് നടക്കുമെന്നും സി.പി ജോൺ അറിയിച്ചു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.