ആ ഭാരതി താനല്ലെന്ന് തെളിയിക്കാനെടുത്തത് 4 വര്‍ഷം ; 'വിലാസക്കുരുക്കില്‍' പൊലീസിനെതിരെ നിയമ നടപടിക്ക് 84കാരി - news live in Palakkad
🎬 Watch Now: Feature Video
പാലക്കാട്: നാലുവര്‍ഷം മുമ്പ് ആളുമാറി, കേസില്‍ പൊലീസ് അറസ്റ്റ് ചെയ്‌ത വയോധിക ഒടുക്കം കുറ്റവിമുക്തയായി. സാക്ഷി വിസ്‌താരത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതി മാറിയിട്ടുണ്ടെന്ന് മനസിലായതോടെയാണ് വീട്ടമ്മയെ വെറുതെ വിട്ടത്. കുനിശേരി വടക്കേത്തറ മഠത്തില്‍ വീട്ടില്‍ ഭാരതിയമ്മയാണ് (84) നാല് വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ കുറ്റവിമുക്തയായത്. 25 വര്‍ഷം മുമ്പ് വെണ്ണക്കരയിലെ ഒരു വീട്ടില്‍ കയറി അതിക്രമം കാണിച്ചെന്ന കേസിലാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്‌തത്. സംഭവത്തിന് പിന്നാലെ ഭാരതി ജാമ്യത്തിലിറങ്ങുകയായിരുന്നു. 1998 ലാണ് കേസിനാസ്‌പദമായ സംഭവം. വെണ്ണക്കര സ്വദേശിയായ രാജഗോപാല്‍ എന്നയാളുടെ വീട്ടില്‍ ജോലിക്ക് നിന്നിരുന്നത് 50 വയസുകാരിയായ ഭാരതി എന്നൊരു സ്‌ത്രീയാണ്. വീട്ടുകാരുമായി ഇവര്‍ വഴക്കിട്ടതിന് പിന്നാലെ ഇനി ജോലിക്ക് എത്തേണ്ടതില്ലെന്ന് പറഞ്ഞ് രാജഗോപാല്‍ ഭാരതിയെ പിരിച്ചുവിട്ടു. ഇതില്‍ പ്രകോപിതയായ ഭാരതി രാജഗോപാലിന്‍റെ വീട്ടില്‍ അതിക്രമം കാണിച്ചു. ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും കുടുംബത്തെ അസഭ്യം പറയുകയും ചെയ്‌തു. ജോലിക്കാരിയുടെ അക്രമത്തെ തുടര്‍ന്ന് രാജഗോപാല്‍ പൊലീസില്‍ പരാതി നല്‍കി. കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഭാരതിയെ അറസ്റ്റ് ചെയ്‌തു. ജയിലിലടയ്‌ക്കപ്പെട്ട ഭാരതി ഏതാനും ദിവസത്തിന് ശേഷം ജാമ്യത്തിലിറങ്ങി മുങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷം പഴയ കേസുകള്‍ തീര്‍പ്പാക്കുന്നതിന്‍റെ ഭാഗമായി ഭാരതിക്ക് പകരം പൊലീസ് അറസ്റ്റ് ചെയ്‌തതാകട്ടെ വടക്കേത്തറ മഠത്തില്‍ വീട്ടില്‍ ഭാരതിയമ്മയെ. ഇതിന് കാരണമായത് പ്രതിയായ ഭാരതി അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് നല്‍കിയ മേല്‍വിലാസമായിരുന്നു. ഭാരതി തന്‍റെ പേരിന് ശേഷം നല്‍കിയ വിലാസം വടക്കേത്തറ മഠത്തില്‍ വീട്ടിലെ ഭാരതിയമ്മയുടേതായിരുന്നു. അങ്ങനെയാണ് പൊലീസ് ഭാരതിയമ്മയുടെ വീട്ടിലെത്തിയത്. 2019ല്‍ അറസ്റ്റിലായി. തന്‍റെ നിരപരാധിത്വം തെളിയിക്കാനായി ഇവര്‍ കേസിലെ പരാതിക്കാരെ സമീപിച്ച് കാര്യം അറിയിച്ച് കോടതിയിലേക്ക് കൂട്ടിക്കൊണ്ടുവന്നു. കൂടാതെ തമിഴ്‌നാട് പിഡബ്ല്യുഡിയിൽ ചീഫ് എൻജീനിയറായിരുന്നു തന്‍റെ ഭര്‍ത്താവെന്നും വീട്ടുജോലിയ്‌ക്ക് പോകേണ്ട സാഹചര്യം ഇല്ലായിരുന്നുവെന്നും പെന്‍ഷന്‍ ബുക്ക് ഹാജരാക്കി കോടതിയെ ധരിപ്പിച്ചു. ഇത്തരത്തില്‍ തെളിവുകള്‍ നിരത്തിയതോടെ നിരപരാധിത്വം മനസിലാക്കി കോടതി ഭാരതിയമ്മയെ കുറ്റവിമുക്തയാക്കുകയായിരുന്നു. വിഷയത്തില്‍ പൊലീസിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് 84കാരി.