കർണാടകയിലെ കോൺഗ്രസിന്‍റെ വിജയം : കോട്ടയത്ത് പ്രവര്‍ത്തകരുടെ ആഹ്ളാദപ്രകടനം - നാട്ടകം സുരേഷ്
🎬 Watch Now: Feature Video
കോട്ടയം : കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉജ്വല വിജയം നേടിയതില്‍ കോട്ടയത്ത് പ്രവർത്തകരുടെ ആഹ്ളാദപ്രകടനം. കോട്ടയം ഡിസിസിയുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ഗാന്ധി സ്ക്വയറില്‍ അണിനിരന്നാണ് ആവേശം പങ്കുവച്ചത്. ഡിസിസി ഓഫിസിൽ നിന്ന് ആരംഭിച്ച പ്രകടനത്തിന് ജില്ല അധ്യക്ഷൻ നാട്ടകം സുരേഷ് നേതൃത്വം നൽകി.
വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് പ്രവര്‍ത്തകര്‍ ഒത്തുകൂടിയത്. തിരുനക്കര ഗാന്ധി സ്ക്വയറിൽ പ്രകടനം എത്തിയപ്പോൾ പ്രവർത്തകർ പരസ്‌പരം ചായങ്ങൾ വാരിയെറിഞ്ഞും ദേഹത്ത് ചാർത്തിയും ആഹ്ളാദം പങ്കിട്ടു. ലഡു വിതരണവും നടന്നു. ആവേശപ്രകടനങ്ങള്‍ ഒരു മണിക്കൂറോളം നീണ്ടു.
തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് വോട്ട് ചെയ്‌ത കർണാടക ജനതയെ അഭിനന്ദിക്കുന്നതായി ജില്ല കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ നാട്ടകം സുരേഷ് പറഞ്ഞു. ഡിസിസി സെക്രട്ടറി എം പി സന്തോഷ് കുമാർ, മഹിള കോൺഗ്രസ് ജില്ല പ്രസിഡണ്ട് ബെറ്റി ടോജോ, വി കെ അനിൽകുമാർ, എം ജെ പ്രസാദ്, സക്കീർ ചങ്ങമ്പള്ളി, അനീഷ തങ്കപ്പൻ, ലിബിൻ കെ ഐസക്, ടോണി തോമസ് തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.