കല്ലാര്‍കുട്ടിയില്‍ പട്ടയ സർവ്വേ മന്ദഗതിയിൽ; പരാതിയുമായി നാട്ടുകാർ - idukki news
🎬 Watch Now: Feature Video
Published : Jan 1, 2024, 9:55 PM IST
ഇടുക്കി: കല്ലാര്‍കുട്ടി, ചെങ്കുളം പ്രദേശങ്ങളിലെ പട്ടയ വിതരണ നടപടികള്‍ക്ക് വേഗത കൈവരിക്കണമെന്നാവശ്യം. (Complaint Regarding Pattayam Survey at Kallarkutty) മേഖലയില്‍ സര്‍വ്വേ നടപടികള്‍ നടക്കുന്നുവെങ്കിലും മന്ദഗതിയിലാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കല്ലാര്‍കുട്ടിയടക്കമുള്ള പ്രദേശങ്ങളില്‍ പട്ടയ പ്രശ്‌നത്തിന് പരിഹാരം വേണമെന്ന ആവശ്യം കഴിഞ്ഞ കുറേക്കാലങ്ങളായി നിലനില്‍ക്കുന്നതാണ്. പട്ടയ മിഷന്‍റെ ഭാഗമായി റവന്യൂ മന്ത്രി കെ രാജന്‍ നേരിട്ട് ഉദ്യോഗസ്ഥ തല അദാലത്തുകള്‍ സംഘടിപ്പിച്ചിരുന്നു. അദാലത്തിലെ തീരുമാന പ്രകാരം ജില്ലയില്‍ ഇടുക്കി, കല്ലാര്‍കുട്ടി, ചെങ്കുളം പ്രദേശങ്ങളിലെ പട്ടയ വിതരണത്തിന് മുന്നോടിയായുളള സര്‍വ്വേ നടപടികള്‍ പുരോഗമിക്കുന്നുണ്ട്. കഴിഞ്ഞ മാസം 20 നായിരുന്നു സര്‍വ്വേ നടപടികള്‍ തുടങ്ങിയത്. എന്നാല്‍ ചെങ്കുളം, കല്ലാര്‍കുട്ടി മേഖലകളില്‍ നടക്കുന്ന സര്‍വ്വേ നടപടികള്‍ മന്ദഗതിയിലാണെന്നാണ് ആക്ഷേപം. സർവ്വേ എടുക്കാൻ വരുന്ന ഉദ്യോഗസ്ഥർ ചില ഏജന്‍റുമാരുടെ ആജ്ഞാനുവർത്തികളാണോ എന്ന സംശയവും നാട്ടുകാർ പ്രകടിപ്പിക്കുന്നു. അണക്കെട്ടിന്‍റെ ഇരുകരകളിലുമായി വെള്ളത്തൂവല്‍, കൊന്നത്തടി പഞ്ചായത്തുകളില്‍ അധിവസിക്കുന്ന 3500ല്‍ അധികം കുടുംബങ്ങള്‍ക്കാണ് ഇവിടെ പട്ടയം ലഭ്യമാക്കേണ്ടത്. സർവ്വേ നടപടികൾ വേഗത്തിലാക്കി എല്ലാ കർഷക കുടുംബങ്ങൾക്കും പട്ടയം നൽകണം എന്നാണ് നാട്ടുകാരുടെ ആവശ്യം.