കൊല്ലം ബീച്ചിൽ കശുവണ്ടിയില്‍ മുഖ്യമന്ത്രിയുടെ രൂപം; അപൂർവ കാഴ്‌ച ഒരുക്കി ഡാവിഞ്ചി സുരേഷ് - navakerala sadas
🎬 Watch Now: Feature Video
Published : Dec 18, 2023, 4:02 PM IST
കൊല്ലം: കശുവണ്ടിയുടെ നാടായ കൊല്ലത്ത് മുഖ്യമന്ത്രി പിണറായി വിജയന് കശുവണ്ടികൊണ്ടുതന്നെ ആദരം (CM Pinarayi Vijayans image out of cashew). കശുവണ്ടിയില്‍ തീർത്ത മുഖ്യമന്ത്രിയുടെ രൂപം കാഴ്‌ചക്കാർക്ക് നവ്യാനുഭവമായി. കലാകാരനായ ഡാവിഞ്ചി സുരേഷാണ് ചിത്രത്തിന് പിന്നിൽ. നവകേരള സദസിന് മുന്നോടിയായി കൊല്ലം ബീച്ചിലാണ് 28 അടി നീളത്തിലും 24 അടി വീതിയുലുമുള്ള മുഖ്യമന്ത്രിയുടെ ഭീമൻ ചിത്രം തീർത്തത്. രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന കശുവണ്ടി ഉപയോഗിച്ചാണ് ചിത്രം പൂർത്തിയാക്കിയത്. കശുവണ്ടി വികസന കോർപറേഷൻ, കാപക്‌സ്, കേരള കാഷ്യു ബോർഡ്, കെസിഡബ്ല്യുആർ ആൻക് ഡബ്ല്യുഎഫ്‌ബി, കെഎസസ്‌സിഎസിസി എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. 14 ഓളം നിറങ്ങളാണ് ചിത്രത്തിനുവേണ്ടി ഉപയോഗിച്ചത്. വിവിധ തരത്തിൽ പാകം ചെയ്‌ത കശുവണ്ടി പരിപ്പുകളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിന് പശ്ചാത്തലമായി പൊളിക്കാത്ത കശുവണ്ടികളാണ് ഉപയോഗിച്ചത്. കറുത്ത നിറത്തിനായി ചുട്ട കശുവണ്ടിയുടെ തോടും ഉപയോഗിച്ചു. ചിത്രം തീർക്കാൻ എട്ടു മണിക്കൂറോളം വേണ്ടിവന്നെന്നും ഇടയ്‌ക്ക് മഴ വെല്ലുവിളി ഉയർത്തിയെങ്കിലും നല്ലരീതിയിൽ ചിത്രം പൂർത്തിയാക്കാൻ സാധിച്ചെന്നും ഡാവിഞ്ചി സുരേഷ് പറഞ്ഞു. മണ്ണിൽ തട്ടടിച്ച് അതിന് മുകളിൽ കാർപ്പെറ്റും തുണിയും വിരിച്ചാണ് ചിത്രം തീർക്കാനുള്ള ക്യാൻവാസ് തയ്യാറാക്കിയത്. സഹായികളായി സുരേഷിന്‍റെ മകൻ ഇന്ദ്രജിത്തും കാമറമാനായ സിംബാദും സഹപ്രവർത്തകരായ സന്ദീപും ഫെബിയും ഉണ്ടായിരുന്നു. നേരത്തെ നവകേരളസദസിന്‍റെ ഭാഗമായി തൃശുൂർ ചാവക്കാട് മത്സ്യം കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചിത്രം ഡാവിഞ്ചി സുരേഷ് തീർത്തിരുന്നു.