'ശക്തമായ നടപടി സ്വീകരിക്കും'; വന്ദനദാസിന്‍റെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി, ഗവർണറും മന്ത്രിമാരും കിംസിൽ - Duty Doctor death in kollam
🎬 Watch Now: Feature Video
തിരുവനന്തപുരം: കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവ വനിത ഡോക്‌ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട സംഭവം ഞെട്ടിക്കുന്നതും അത്യധികം വേദനാജനകവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡ്യൂട്ടിക്കിടയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ചികിത്സക്കായി എത്തിച്ച വ്യക്തിയാണ് ഡോക്‌ടറെ ആക്രമിച്ചത്. അക്രമം തടയാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മറ്റുള്ളവര്‍ക്കും കുത്തേറ്റിട്ടുണ്ട്. ഡ്യൂട്ടിക്കിടയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തും.
ഡോക്‌ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമെതിരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും. കൊല്ലപ്പെട്ട ഡോക്‌ടര്‍ വന്ദനദാസിന്‍റെ കുടുംബത്തിന്‍റെയും സഹപ്രവര്‍ത്തകരുടെയും ദുഖത്തില്‍ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
ഗവർണറും മന്ത്രിമാരും കിംസിൽ: അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ആരോഗ്യമന്ത്രി വീണ ജോർജ്, സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ എന്നിവരും കിംസ് ആശുപത്രിയിൽ എത്തി. സ്‌പീക്കർ എഎൻ ഷംസീർ, ഐഎംഎ ഭാരവാഹികൾ തുടങ്ങിയവർ നേരത്തെ തന്നെ ആശുപത്രിയിൽ എത്തിയിരുന്നു.
അനുശോചനവുമായി സ്‌പീക്കർ: ഡോ.വന്ദന ദാസിന്‍റെ വിയോഗത്തില്‍ സ്‌പീക്കര്‍ എഎൻ ഷംസീറും അനുശോചനം രേഖപ്പെടുത്തി. വന്ദന ദാസിന്‍റെ കുടുംബാംഗങ്ങളെ കിംസ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഭവം അത്യന്തം വേദനാജനകമാണെന്ന് പറഞ്ഞ സ്‌പീക്കർ ഭാവിയില്‍ കേരളത്തില്‍ ഇത്തരം അക്രമങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഓർമപ്പെടുത്തി. കൊല്ലപ്പെട്ട ഡോ. വന്ദനദാസിന്‍റെ കുടുംബത്തിന്‍റെയും, സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും സ്‌പീക്കര്‍ എഎൻ ഷംസീർ കൂട്ടിച്ചേർത്തു.