'സാമൂഹ്യ ജീവിത സന്ദർഭങ്ങളെ എല്ലാ തീവ്രതയോടെയും പകർത്തിയ കഥാകൃത്ത്': എം മുകുന്ദനെ പ്രശംസിച്ച് മുഖ്യമന്ത്രി - സാമൂഹ്യ ജീവിത സന്ദർഭങ്ങളെ
🎬 Watch Now: Feature Video
തിരുവനന്തപുരം: പരമ്പരാഗതവും സാമ്പ്രദായികവുമായ എഴുത്തിന്‍റെ വഴികളിൽ നിന്നും മാറിനടന്ന് രചനയിലും ആസ്വാദനത്തിലും പുതുവഴി വെട്ടിത്തുറന്ന മലയാളത്തിന്‍റെ ശ്രദ്ധേയനായ നോവലിസ്റ്റും കഥാകൃത്തുമാണ് എം മുകുന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തെറ്റിനെ തെറ്റ് എന്ന് പ്രത്യാഘാതം നോക്കാതെ വിമർശിക്കാനുള്ള ധൈര്യം അദ്ദേഹം കാട്ടുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രശസ്‌ത എഴുത്തുകാരൻ എം മുകുന്ദന്‍റെ സാഹിത്യ സംഭാവനകളെ അധികരിച്ച് നടത്തുന്ന ഹരിതം മുകുന്ദം ലിറ്റററി ഫെസ്റ്റ് ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഉള്ളുതുറന്ന് പ്രശംസിച്ച് മുഖ്യമന്ത്രി: നിലപാടിലെ ഈ ധൈര്യം എം മുകുന്ദനെ യുവമനസുകളിൽ കൂടുതൽ സ്വീകാര്യനാക്കുന്നുവെന്നും മുകുന്ദന്‍റെ സാഹിത്യ ലോകത്തെ ആകെ സൂക്ഷമവും സമഗ്രവുമായി വിലയിരുത്തുന്നതാകട്ടെ ഈ സാഹിത്യോത്സവമെന്നും മുഖ്യമന്ത്രി ആശംസിച്ചു. മലയാളത്തിൽ ഏറ്റവും അധികം വായനക്കാരുള്ള നോവലിസ്റ്റും കഥാകൃത്തുമാണ് എം മുകുന്ദൻ. മുകുന്ദനെ കൂടുതൽ അടുത്തറിയാൻ ഈ സാഹിത്യോത്സവം ഇടയാക്കട്ടെ. സാമൂഹ്യ യാഥാർഥ്യങ്ങളിൽ നിന്ന് പുറംതിരിഞ്ഞ് നിൽക്കുന്നു എന്ന വിമർശനങ്ങൾ എഴുത്തിന്‍റെ ആദ്യ ഘട്ടങ്ങളിൽ എം മുകുന്ദൻ നേരിട്ടിരുന്നുവെന്നും എന്നാൽ എഴുത്തിന്‍റെ ഇന്നത്തെ ഘട്ടത്തിൽ അദ്ദേഹത്തിനെതിരെ അത്തരമൊരു വിമർശനം ഒരാളും ഉയർത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ ജീവിത സന്ദർഭങ്ങളെ എല്ലാ തീവ്രതയോടെയും സാഹിത്യ കൃതികളിൽ അദ്ദേഹം പകർത്തി വയ്ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മെയ് 18, 19 തീയതികളിൽ തിരുവനന്തപുരം ഭാരത് ഭവനിലാണ് ഹരിതം മുകുന്ദം ലിറ്റററി ഫെസ്റ്റ് നടക്കുന്നത്. ഫെസ്റ്റിൽ എം മുകുന്ദന്‍റെ സാഹിത്യത്തെ കുറിച്ചുള്ള ചർച്ചകൾ, സെമിനാറുകൾ, സമൂഹത്തിന്‍റെ വിവിധ ശ്രേണിയിലുള്ളവരുമായി എം മുകുന്ദൻ നടത്തുന്ന മുഖാമുഖം തുടങ്ങിയ പരിപാടികളുണ്ടാകും. അതേസമയം തലസ്ഥാന നഗരിയിൽ ഇതാദ്യമായാണ് ഒരു വ്യക്തിയെ കേന്ദ്രീകരിച്ച് ദ്വിദിന സാഹിത്യ പരിപാടി അരങ്ങേറുന്നത്.