ഈ 'വിജയത്തിന് അല്‍പം മധുരം' കൂടും; പ്രിയ സുഹൃത്തിന് അനുമോദനമൊരുക്കി സഹപാഠികള്‍ - അനുമോദന ചടങ്ങ്
🎬 Watch Now: Feature Video
കോഴിക്കോട്: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാഫലങ്ങൾ പുറത്തുവന്നതോടെ നാടുമുഴുവൻ അനുമോദന ചടങ്ങുകളുടെ തിരക്കാണ്. വിദ്യാലയങ്ങളുടെ പേര് നാനാദിക്കിലുമെത്തിക്കാന്‍ സ്‌കൂൾ അധികൃതരും, മക്കളെ ഉയർത്തിക്കാണിക്കാൻ രക്ഷിതാക്കളും വിവിധ സംഘടനകളുടെയും അനുമോദന പരിപാടികളുടെ തിരക്കിലും. സോഷ്യൽ മീഡിയയിലൂടേയും ഫ്ലക്‌സ് ബോർഡുകളിലൂടേയുമുള്ള ആശംസകള്‍ വേറെയും. എന്നാൽ മുക്കം അഗസ്ത്യൻ മുഴയിൽ നടന്ന അനുമോദന ചടങ്ങ് അങ്ങിനെയൊന്നുമല്ലായിരുന്നു.
കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥിനിയെ അനുമോദിച്ചത് എ പ്ലസ് കരസ്ഥമാക്കിയ സഹപാഠികളായിരുന്നു. സ്‌നിഗ്‌ധ സന്തോഷ്, അഭിന ജയ്‌കിഷ്, സംവൃത സജീവ് എന്നിവരാണ് സഹപാഠിയായ സുനിതയെ ആദരിച്ചത്. നേപ്പാളിൽ നിന്നും കോഴിക്കോടിൻ്റെ മലയോരത്തെത്തി ആനയാംകുന്ന് ഹയർസെക്കൻഡറി സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥിനിയാണ് സുനിത. മലയാളം പഠിച്ചെടുത്ത് അവൾ നേടിയ വിജയം ആഘോഷിക്കാനും ഫ്ലക്‌സ് ഉയർത്താനും പ്രത്യേകിച്ച് ആരുമില്ലാത്തിടത്താണ് മൂവർ സംഘം ഈ പരിപാടി ആസൂത്രണം ചെയ്‌തത്. അവരുടെ ആഗ്രഹം നാട്ടിലെ 'നാട്ടുകൂട്ടം' എന്ന സന്നദ്ധ സംഘടനയെ അറിയിച്ചപ്പോൾ ഭാരവാഹികൾ ഇതിനായി വേദിയൊരുക്കുകയായിരുന്നു.
താഴേക്കോട് എയുപി സ്‌കൂളിൽ നടന്ന ചടങ്ങിൽ സുനിതയെ മൂവരും ചേർന്ന് പൂക്കൾ നൽകി സ്വീകരിച്ചു. തുടർന്ന് കുശലാന്വേഷണത്തിന് ശേഷം പൊന്നാടയും ഉപഹാര സമര്‍പ്പണവും. കൗമാര മനസുകളുടെ കലർപ്പില്ലാത്ത സ്നേഹപ്രകടനങ്ങൾക്ക് സാക്ഷ്യം വഹിക്കാൻ അവരുടെ മാതാപിതാക്കളും നാട്ടുകാരും എത്തിയിരുന്നു.
വർഷങ്ങൾക്ക് മുമ്പ് നേപ്പാളിൽ നിന്ന് കോഴിക്കോട്ടേക്ക് എത്തിയതാണ് സുനിതയുടെ കുടുംബം. കാരശ്ശേരിയിലെ ക്വാറിയിൽ ജീവനക്കാരനായ പിതാവ് അവിടുന്നുണ്ടായ അപകടത്തെ തുടർന്ന് കിടപ്പിലായി. പരിക്ക് ഭേദമായതോടെ സെക്യൂരിറ്റി ജോലിയിൽ പ്രവേശിച്ചെങ്കിലും വീണ്ടും പരിക്കുപറ്റി. നട്ടെല്ലിലെ തകരാറിനെ തുടർന്ന് നിലവില്‍ കിടപ്പിലാണ്. അമ്മയും സഹോദരങ്ങളും അടങ്ങുന്ന സുനിതയുടെ കുടുംബം ജീവിത പ്രാരാബ്‌ധങ്ങളുടെ നടുവിലും. അവിടെയും പൊരുതി നേടിയ വിജയത്തിൽ തന്‍റെ സമപ്രായക്കാർ നൽകിയ ആദരവ് സുനിതക്ക് തെല്ലൊന്നുമല്ല ആശ്വാസം പകരുന്നത്.