ഇന്ന് ഓശാന ഞായർ; വിശുദ്ധവാര ചടങ്ങുകൾക്ക് തുടക്കമായി - easter
🎬 Watch Now: Feature Video
ഇടുക്കി: യേശുദേവന്‍റെ ജറുസലേം പ്രവേശനം അനുസ്‌മരിച്ച് വിശ്വാസികൾ ഇന്ന് ഓശാന ഞായർ ആചരിക്കുകയാണ്. ജറുസലേം നഗരത്തിലേക്ക് കഴുതപ്പുറത്ത് യേശുദേവൻ കടന്നു ചെല്ലുമ്പോൾ നഗരവാസികൾ ഒലീവ് ഇലകളുമായി സ്വീകരിച്ചതിന്‍റെ ഓർമ പുതുക്കലാണ് ഓശാനത്തിരുനാൾ. കുരുത്തോലകളുമായാണ് വിശ്വാസികൾ ഈ ദിനം ചടങ്ങുകളിൽ പങ്കെടുക്കുക.
ഓശാന ഞായറിൻ്റെ ഭാഗമായി വിവിധ ദേവാലയങ്ങളിൽ ചടങ്ങുകൾ നടക്കും. കഴുതയുടെ പുറത്ത് വിനയാന്വിതനായി ക്രിസ്‌തുവിന്‍റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്‍റെ ഓർമയാണ് ഓശാന ഞായർ. ജറുസലേം ജനത ക്രിസ്‌തുവിനെ വരവേറ്റത് ഓശാന, ഓശാന എന്നു പറഞ്ഞാണ്.
ഓശാന, ഹോസാന എന്നതിന് 'രക്ഷിക്കണേ', 'സഹായിക്കണേ' എന്നൊക്കെയാണ് അര്‍ഥം. ജറുസലേം നഗരം മുഴുവൻ ഇളകിമറിഞ്ഞ് സൈത്തിൻ കൊമ്പുകളും ഒലീവിലകളും വീശി ക്രിസ്‌തുവിനെ ആർപ്പുവിളിച്ച് സ്വീകരിച്ചതിന്‍റെ ഓർമയാണ് ഓരോ ഓശാന ഞായറും. ഈ ദിവസം പള്ളികളിൽ പ്രത്യേക പ്രാർഥനകളും കുരുത്തോല വെഞ്ചരിപ്പും, കുരുത്തോലകളേന്തിയുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും.
കുരുത്തോലയെ വിശ്വാസികൾ വളരെ ഭക്തിയോടെ കൈകാര്യം ചെയ്യുകയും വീട്ടിൽ ഭദ്രമായി സൂക്ഷിക്കുകയും ചെയ്യുന്നു. പെസഹ വ്യാഴവും ദുഃഖവെള്ളിയും ഈസ്റ്ററും ഉൾപ്പെടുന്ന വിശുദ്ധവാര ചടങ്ങുകൾക്കും ഓശാന ഞായറോടെ തുടക്കമാകും.