364.39 ഹെക്‌ടർ ഉടന്‍ റിസര്‍വ് വനമാകില്ല, ചിന്നക്കനാലില്‍ പ്രതിഷേധം: നടപടികള്‍ മരവിപ്പിച്ച് സര്‍ക്കാര്‍
🎬 Watch Now: Feature Video
Published : Dec 5, 2023, 9:26 AM IST
ഇടുക്കി: ചിന്നക്കനാൽ വില്ലേജില്‍ സ്ഥിതി ചെയ്യുന്ന 364.39 ഹെക്ടർ സ്ഥലം റിസർവ് വനമാക്കാനുള്ള നടപടി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. തുടർനടപടികൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി വനം വകുപ്പ് മന്ത്രിയുടെ ഓഫീസും കലക്‌ടര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. എച്ച്എന്‍എല്ലിന്‍റെ കൈവശമിരുന്നതും ചിന്നക്കനാൽ വില്ലേജിലെ ഏഴ്, എട്ട് ബ്ലോക്കുകളിൽ ഉൾപ്പെടുന്നതുമായ സ്ഥലമാണ് റിസർവ് വനമായി പ്രഖ്യാപിച്ച് സർക്കാർ വിജ്ഞാപനമിറക്കിയത്. സർക്കാർ നീക്കം കുടിയേറ്റ കർഷകർക്ക് തിരിച്ചടിയായതോടെ ജനരോഷമുയർന്നു. ഇതോടെയാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നത്. 1996 ഡിസംബർ 12 ന് മുമ്പ് വനേതര ആവശ്യങ്ങൾക്കായി മാറ്റിയിട്ടുള്ള ഭൂമി വന സംരക്ഷണ നിയമത്തിന്‍റെ പരിധിയിൽ വരില്ലെന്നും കേന്ദ്ര മാർഗരേഖ വന്നാലും സെറ്റിൽമെന്‍റ് ഓഫിസറെ നിയമിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും യോഗം വിലയിരുത്തി. വനം വകുപ്പിന്‍റെ ആസൂത്രിത നീക്കം അംഗീകരിക്കാനാകില്ലെന്ന് ഭരണ -പ്രതിപക്ഷ പാർട്ടികളും നിലപാട് സ്വീകരിച്ചതോടെ നവകേരള സദസിന് മുമ്പായി വിജ്ഞാപനം പിൻവലിക്കാൻ സിപിഎം ജില്ല നേതൃത്വം ശ്രമം തുടങ്ങിയിരുന്നു. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ചിന്നക്കനാൽ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സൂര്യനെല്ലി വനം വകുപ്പ് ഓഫിസിലേക്ക് ബഹുജനമാർച്ചും നടത്തി. വിജ്ഞാപനം പിൻവലിച്ചില്ലെങ്കിൽ ജനങ്ങൾ നേരിടുമെന്നായിരുന്നു എംഎം മണി എംഎൽഎയുടെ താക്കീത്.