Catholic Priest Joined BJP : ബിജെപിയില്‍ ചേര്‍ന്ന പള്ളി വികാരിക്കെതിരെ രൂപത നടപടി ; അതൃപ്‌തി പ്രകടിപ്പിച്ച് ബിജെപി
🎬 Watch Now: Feature Video
ഇടുക്കി : ബിജെപിയില്‍ ചേര്‍ന്ന മങ്കുവ സെന്‍റ്‌തോമസ് പള്ളി വികാരി ഫാദര്‍ കുര്യാക്കോസ് മറ്റത്തിനെതിരെ നടപടിയുമായി രൂപത. വൈദികനെ ഇടവക ഭരണത്തിൽ നിന്നും മാറ്റി. പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചത് സഭ നടപടികള്‍ക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വികാരിയുടെ ചുമതലയുള്ളയാള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത് ഇടവകയിലെ ജനങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുമെന്നും മീഡിയ കമ്മിഷൻ ഡയറക്‌ടർ ഫാ ജിൻസ് കാരക്കാട്ടിൽ പറഞ്ഞു (Catholic Priest Joined BJP). വികാരിക്കെതിരെ ഇടവക നടപടി സ്വീകരിച്ചതോടെ സമീപ ഇടവകയില്‍ നിന്നുള്ള വൈദികനെ മങ്കുവ സെന്‍റ് തോമസ് ദേവാലയത്തിന്‍റെ താത്‌കാലിക ചുമതല നല്‍കി. അതേസമയം നടപടിയില്‍ ബിജെപി പ്രാദേശിക നേതൃത്വം അതൃപ്‌തി പ്രകടിപ്പിച്ചു . സംഭവത്തില്‍ വൈദികനെതിരെ തിടുക്കത്തില്‍ നടപടിയെടുക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നാണ് പ്രാദേശിക നേതൃത്വം പറയുന്നത്. ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ മറ്റ് പാര്‍ട്ടികളില്‍ നിന്നും വൈദികനെ ആക്രമിക്കാന്‍ ശ്രമമുണ്ടായെന്നും ബിജെപി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. അതേസമയം ഫാദര്‍ ബിജെപിയില്‍ ചേര്‍ന്നത് അദ്ദേഹത്തിന്‍റെ വ്യക്തിപരമായ തീരുമാനമാണെന്നും വിഷയത്തില്‍ അനുകൂലമോ പ്രതികൂലമോ ആയ മറുപടിയില്ലെന്നും ഇടവകയിലെ ചില അംഗങ്ങള്‍ പറഞ്ഞു. നാല് ദിവസം മുമ്പാണ് ഫാദർ കുര്യാക്കോസ് ബിജെപി അംഗത്വം സ്വീകരിച്ചത്.