വന്ദേഭാരത് എക്‌സ്‌പ്രസിന്‍റെ ശുചിമുറി പൂട്ടി ഒളിച്ചിരുന്ന സംഭവം : യുവാവിനെതിരെ കേസെടുത്ത് പൊലീസ് - kerala news updates
🎬 Watch Now: Feature Video
പാലക്കാട് : വന്ദേ ഭാരത് ട്രെയിനിന്‍റെ ശുചിമുറി അകത്തുനിന്ന് പൂട്ടി മണിക്കൂറുകളോളം ഒളിച്ചിരുന്ന യുവാവിനെതിരെ കേസെടുത്ത് പൊലീസ്. ട്രെയിനില്‍ അതിക്രമിച്ച് കടന്നതിനും മറ്റുള്ള യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്‌ടിച്ചതിനുമാണ് കേസ്. മഹാരാഷ്‌ട്ര ഛത്രപതി സ്വദേശി ചരണ്‍ നാരായണനെതിരെയാണ് (26) പൊലീസ് നടപടി.
ഇന്നലെ (ജൂണ്‍ 25) കാസര്‍കോട് നിന്ന് ടിക്കറ്റെടുക്കാതെ ട്രെയിനില്‍ ഓടി കയറിയ ഇയാള്‍ ശുചിമുറിയില്‍ കയറി വാതിലടച്ചിരിക്കുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാതായപ്പോള്‍ ട്രെയിനിലെ മറ്റ് യാത്രികര്‍ ജീവനക്കാരെയും ആർപിഎഫ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. അകത്തുനിന്ന് പൂട്ടിയ വാതില്‍ തുറക്കാനാകാതെ യുവാവ് ശുചിമുറിയില്‍ അകപ്പെട്ടെന്നാണ് യാത്രികര്‍ ആദ്യം കരുതിയത്.
മണിക്കൂറുകള്‍ ഏറെ കഴിഞ്ഞപ്പോള്‍ ഇയാള്‍ ആത്മഹത്യ ചെയ്‌തിട്ടുണ്ടാകുമെന്ന ആശങ്കയിലായിരുന്നു യാത്രികരും ജീവനക്കാരും. ഇവര്‍ ആവശ്യപ്പെട്ടിട്ടും ഇയാള്‍ വാതില്‍ തുറന്നില്ലെന്ന് മാത്രമല്ല കയറുകൊണ്ട് കെട്ടി വയ്‌ക്കുകയും ചെയ്‌തു.
എന്നാല്‍ വൈകിട്ട് 5.25ന് വന്ദേ ഭാരത് ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയതോടെ സംരക്ഷണ സേന റെയിൽവേ പൊലീസ്, റെയിൽവേ സാങ്കേതിക വിഭാഗം ജീവനക്കാർ എന്നിവർ ചേർന്ന് ശുചി മുറിയുടെ വാതിൽ കുത്തി പൊളിച്ചാണ് ഇയാളെ പുറത്തെത്തിച്ചത്. 15 മിനിട്ട് നേരം ട്രെയിന്‍ ഷൊര്‍ണൂരില്‍ നിര്‍ത്തിയിട്ടു. പുറത്തിറക്കിയ ഇയാളെ പൊലീസ് ചോദ്യം ചെയ്‌തു. ടിക്കറ്റെടുക്കാതെ യാത്ര ചെയ്‌ത ഇയാളുടെ കൈവശം ബാഗോ മറ്റ് സാധനങ്ങളോ ഒന്നുമില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.