Cardamom Price | കർഷകർക്ക് പ്രതീക്ഷയേകി ഏലം വില ; 3 വര്‍ഷത്തിന് ശേഷം 2000 കടന്നു - മഴയുടെ ലഭ്യതക്കുറവ്
🎬 Watch Now: Feature Video
ഇടുക്കി:മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഏലം വില കിലോയ്ക്ക് 2,000 കടന്നു. കഴിഞ്ഞ ദിവസത്തെ ലേലത്തില്‍ ശരാശരി വില 2152 ല്‍ ക്ലോസ് ചെയ്‌തു. 2,899 രൂപയാണ് കൂടിയ വില. ശനിയാഴ്‌ചത്തെ ലേലത്തില്‍ 1,812 രൂപയായിരുന്നു. മഴക്കുറവ് കാരണം ഉത്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായതാണ് വില ഉയരാൻ പ്രധാന കാരണം. ഒപ്പം
ഉത്തരേന്ത്യൻ ഡിമാന്‍ഡ് തുടരുന്നതും ദീപാവലി വാങ്ങല്‍ പൂര്‍ത്തിയാകാത്തതും ഉയര്‍ന്ന വിലയ്ക്ക് സഹായകമായി. കാലാവസ്ഥ വ്യതിയാനം, മഴയുടെ ലഭ്യതക്കുറവ്, രോഗബാധ തുടങ്ങിയ കാരണങ്ങളാല്‍ ഉത്‌പാദനം മുൻ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറഞ്ഞിരുന്നു. ഇടനില കച്ചവടക്കാര്‍ മാത്രമാണ് വലിയതോതില്‍ ഏലക്ക സംഭരിച്ചത്. ജൂലൈ പകുതിയോടെ വിപണിയില്‍ വര്‍ധനവ് പ്രകടമായിരുന്നെങ്കിലും കര്‍ഷകര്‍ക്ക് വേണ്ടത്ര നേട്ടമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ഓഗസ്റ്റ് എത്തിയിട്ടും മഴയില്ലാത്തതിനാല്‍ വരള്‍ച്ചയെ എങ്ങനെ നേരിടാനാകുമെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്. വില കൂടുന്ന സാഹചര്യത്തില്‍ ഉത്‌പാദനം വര്‍ധിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് കര്‍ഷകര്‍. അതേസമയം കര്‍ഷകരുടെ കൈവശം ഉത്പന്നം ഇല്ലാത്തതിനാല്‍ വില വര്‍ധനവിന്‍റെ ഗുണം ലഭിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഈ വര്‍ഷം തുടക്കത്തില്‍ 1000 രൂപയില്‍ താഴെയായിരുന്നു ഏലക്കയുടെ വില. പിന്നീട് ക്രമേണ വില ഉയര്‍ന്നുതുടങ്ങുകയായിരുന്നു.