വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം : പരാതിക്കാരിക്ക് നഷ്‌ടപരിഹാരം നല്‍കാന്‍ മന്ത്രിസഭ തീരുമാനം, സമരത്തില്‍ മാറ്റമില്ലെന്ന് പരാതിക്കാരി - ആരോഗ്യമന്ത്രി വീണാ ജോർജ്
🎬 Watch Now: Feature Video
കോഴിക്കോട് : മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്‌ക്കിടെ കത്രിക വയറ്റിൽ മറന്നുവച്ച സംഭവത്തിൽ പരാതിക്കാരിക്ക് നഷ്‌ടപരിഹാരം നല്‍കാന്‍ മന്ത്രിസഭ തീരുമാനം. പരാതിക്കാരിയായ ഹർഷിനയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിക്കാനാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. സംഭവത്തിൽ ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താനും തീരുമാനമായി.
ഏറെ നാളുകൾ നീണ്ട സമര പ്രതിഷേധങ്ങൾക്കൊടുവിലാണ് പ്രസവ ശസ്ത്രക്രിയയ്‌ക്കിടയിൽ കത്രിക വയറ്റിൽ മറന്നുവച്ച സംഭവത്തിൽ പരാതിക്കാരിയായ ഹർഷിനയ്ക്ക് സർക്കാർ സഹായം പ്രഖ്യാപിക്കുന്നത്. ആരോഗ്യവകുപ്പിന്‍റെ കീഴിൽ നടത്തിയ രണ്ട് അന്വേഷണങ്ങളിലും ശസ്ത്രക്രിയ ഉപകരണം ഏതവസരത്തിലാണ് വയറ്റിൽ കുടുങ്ങിയതെന്ന് കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് ആഭ്യന്തര വകുപ്പ് അന്വേഷണം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.
സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് നേരിട്ട് നൽകിയ ഉറപ്പ് പാലിക്കാത്തതിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ആരംഭിക്കാനൊരുങ്ങവേയാണ് സർക്കാർ തീരുമാനം വന്നത്. എന്നാൽ നഷ്‌ടപരിഹാരത്തുക പരിഹസിക്കുന്ന തരത്തിലായെന്നും സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്താനുള്ള തീരുമാനവുമായി മുന്നോട്ടുപോകുമെന്നും ഹർഷിന വ്യക്തമാക്കി. ആരോഗ്യമന്ത്രി ഹർഷിനയെ നേരിട്ടുകണ്ട് രണ്ടാഴ്‌ചയ്ക്കകം പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കുമെന്നും അർഹമായ നഷ്‌ടപരിഹാര തുക നൽകുമെന്നുമായിരുന്നു വ്യക്തമാക്കിയത്. എന്നാൽ അത് പാലിക്കപ്പെട്ടിട്ടില്ല എന്നാണ് ഹർഷിനയുടെ ആരോപണം.