യൂണിഫോം ധരിക്കാത്ത വിദ്യാർഥിനിയിൽ നിന്ന് ഫുൾ ചാർജ്; ചോദ്യം ചെയ്യാനെത്തിയ പിതാവിനെ മർദിച്ച് ബസ് കണ്ടക്‌ടർ
🎬 Watch Now: Feature Video
തൃശൂർ : യൂണിഫോം ധരിക്കാത്തതിന്‍റെ പേരിൽ സ്‌കൂൾ വിദ്യാർഥിനിയില്‍ നിന്നും ഫുൾ ചാർജ് ഈടാക്കി. സംഭവം ചോദ്യം ചെയ്യാനെത്തിയ രക്ഷിതാവിനെ ബസ് കണ്ടക്‌ടർ മർദിച്ചതായി പരാതി. തൃശൂര്‍- മരോട്ടിച്ചാല്‍ റൂട്ടിലോടുന്ന കാര്‍ത്തിക ബസിലെ കണ്ടക്‌ടർ അഖിലാണ് കുട്ടിയുടെ പിതാവ് സജിയെ മർദിച്ചത്.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. മരോട്ടിച്ചാലിൽ നിന്നും മാന്ദാമംഗലത്തെ സെന്‍റ് സെബാസ്റ്റ്യൻസ് സ്‌കൂളിലേക്ക് പോയ എട്ടാം ക്ലാസ് വിദ്യാർഥിനിയിൽ നിന്നാണ് യൂണിഫോം ധരിച്ചില്ല എന്ന കാരണത്താൽ ഫുൾ ചാർജായി 13 രൂപ ഈടാക്കിയത്. തുടർന്ന് ഇത് ചോദ്യം ചെയ്യാനെത്തിയ സജിയെ ബസ് കണ്ടക്‌ടർ അഖിൽ മർദിക്കുകയും ബസിൽ നിന്ന് തള്ളി താഴെയിടുകയുമായിരുന്നു.
സംഭവം കണ്ട് സ്ഥലത്ത് ഉണ്ടായ നാട്ടുകാർ ചേർന്ന് ബസ് തടഞ്ഞിട്ടതോടെ സ്ഥലത്ത് സംഘർഷാവസ്ഥയായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഒല്ലൂർ പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. കൂടാതെ കുട്ടിയുടെ രക്ഷിതാവ് കണ്ടക്‌ടർക്കെതിരെ പൊലീസിൽ പരാതിയും നൽകി.
സ്‌കൂൾ തുറന്ന് ആദ്യ ദിനത്തിൽ തന്നെ യൂണിഫോം ധരിച്ചില്ല എന്ന കാരണത്താൽ ബസ് ജീവനക്കാരുടെ ഭാഗത്ത് നിന്നും പെൺകുട്ടിക്ക് നേരെ ഉണ്ടായ മോശം പെരുമാറ്റത്തിൽ നാട്ടുകാർ പ്രതിഷേധം രേഖപ്പെടുത്തി. മര്‍ദനമേറ്റ സജി ആശുപത്രിയിലെത്തി ചികിത്സ തേടി. സംഭവത്തില്‍ കണ്ടക്‌ടര്‍ അഖിലിനെതിരെ ഒല്ലൂര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.