Bus Accidant In Thrissur Chiyyaram: തൃശൂര്‍ ചിയ്യാരത്ത് ബസ് അപകടം; വിദ്യാര്‍ഥികളടക്കം 18 പേര്‍ക്ക് പരിക്ക്
🎬 Watch Now: Feature Video
Published : Sep 18, 2023, 7:36 PM IST
തൃശൂര്‍ : ചിയ്യാരത്ത് ഇന്ന് (സെപ്റ്റംബർ 18) നടന്ന ബസ് അപകടത്തിൽ രണ്ട് വിദ്യാര്‍ഥികളടക്കം 18 പേര്‍ക്ക് പരിക്കേറ്റു. ചിയ്യാരം പോസ്റ്റ് ഓഫിസ് ജങ്ഷന് സമീപം ബസിന് പുറകില്‍ മറ്റൊരു ബസ് ഇടിച്ചായിരുന്നു അപകടം. രാവിലെ എട്ടോടെ ആയിരുന്നു സംഭവം (Bus Accidant In Thrissur Chiyyaram). കോടാലി-ഊരകം-തൃശൂര്‍ റൂട്ടിലോടുന്ന അയ്യപ്പജ്യോതി ബസിന് പുറകില്‍ തൃശ്ശൂര്‍-ചേര്‍പ്പ്-തൃപ്രയാര്‍ റൂട്ടിലോടുന്ന ക്രെെസ്റ്റ് മോട്ടോഴ്‌സ് ബസ് ഇടിക്കുകയായിരുന്നു. മുന്‍പിലുണ്ടായിരുന്ന സ്‌കൂള്‍ ബസ് പെട്ടന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടര്‍ന്ന് തൊട്ടുപുറകിലുണ്ടായിരുന്ന അയ്യപ്പജ്യോതി ബസും ബ്രേക്ക് ചവിട്ടി. ഇതോടെ പുറകിലുണ്ടായിരുന്ന ക്രെെസ്റ്റ് മോട്ടോഴ്‌സ് ബസ് അയ്യപ്പജ്യോതി ബസിന്‍റെ പുറകില്‍ ഇടിക്കുകയായിരുന്നു. ബസിന്‍റെ ചില്ല് പൊട്ടി ദേഹത്ത് കയറിയാണ് പലര്‍ക്കും പരിക്കേറ്റത്. അപകടത്തില്‍ അയ്യപ്പജ്യോതി ബസിന്‍റെ പുറകുവശവും ക്രെെസ്റ്റ് മോട്ടോഴ്‌സിന്‍റെ മുന്‍വശവും തകര്‍ന്നു. ക്രെെസ്റ്റ് മോട്ടോഴ്‌സ് ബസിന്‍റെ മുന്‍ഭാഗത്തുണ്ടായിരുന്നവരാണ് പരിക്കേറ്റവരില്‍ ഏറെപേരും. അതേസമയം ഈ റോഡിലൂടെ ബസുകള്‍ സ്ഥിരമായി അമിത വേഗതയിലാണ് ഓടുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.
അപകടം നടക്കുമ്പോൾ ഇരുബസുകളും റോഡിന്‍റെ വലതുവശത്തായിരുന്നു എന്നും നാട്ടുകാര്‍ പറഞ്ഞു. കണിമംഗലം-പാലക്കല്‍ റൂട്ടില്‍ കോണ്‍ക്രീറ്റ് ജോലികള്‍ നടക്കുന്നതിനാല്‍ തൃശൂരിലേക്കുള്ള ബസുകള്‍ ചിയ്യാരം വഴിയാണ് പോകുന്നത്. ഇതുമൂലമുണ്ടാകുന്ന സമയനഷ്‌ടം മറികടക്കാനാണ് ബസുകള്‍ ഈ വഴിയിലൂടെ അമിത വേഗത്തില്‍ പായുന്നതെന്നും നാട്ടുകാര്‍ പറയുന്നു. അതേസമയം പരിക്കേറ്റവരില്‍ പത്തുപേരെ കൂര്‍ക്കഞ്ചേരി എലെെറ്റ് ആശുപത്രിയിലും എട്ടുപേരെ തൃശൂര്‍ ജില്ല ജനറല്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ആരുടേയും പരിക്ക് ഗുരുതരമല്ല.