thumbnail

By ETV Bharat Kerala Team

Published : Oct 16, 2023, 4:29 PM IST

ETV Bharat / Videos

Burglary In Houses മോഷണ പരമ്പര; തൃശൂർ ചെറുതുരുത്തിയിൽ വീട് കുത്തിതുറന്ന്‌ കവര്‍ച്ച, 40 പവന്‍ സ്വർണാഭരണങ്ങള്‍ നഷ്‌ടപ്പെട്ടു

തൃശൂർ: ചെറുതുരുത്തിയിൽ വീട് കുത്തിതുറന്ന് കവര്‍ച്ച (Burglary In Houses). 40 പവന്‍ സ്വർണാഭരണങ്ങള്‍ നഷ്‌ടപ്പെട്ടു. ചെറുതുരുത്തി സ്വദേശി മുഹമ്മദ് മുസ്‌തഫയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു മോഷണം. ഇന്നലെ (ഒക്‌ടോബര്‍ 15) രാത്രിയാണ് കവര്‍ച്ച നടന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. ബന്ധുവിന്‍റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ മുസ്‌തഫയും കുടുംബവും വെള്ളിയാഴ്‌ച വീട് പൂട്ടി പോയിരുന്നു. ഞായറാഴ്ച്ച രാത്രിയാണ് തിരികെ എത്തിയത്. ഇതിനിടയിലാണ് കവർച്ച നടന്നതെന്നാണ് പ്രാഥമിക നിഗമനം. വീടിന്‍റെ വാതിൽ പിക്കാസ്, ചുറ്റിക എന്നിവ ഉപയോഗിച്ച് കുത്തിതുറന്നാണ് മോഷ്‌ടാക്കള്‍ അകത്തുകയറിയത്. തുടര്‍ന്ന് അകത്ത് കയറിയ മോഷ്‌ടാക്കള്‍ അലമാരയിൽ സൂക്ഷിച്ചിരുന്ന 40 പവന്‍ സ്വർണാഭരണങ്ങള്‍ കവര്‍ന്നതായി വീട്ടുകാര്‍ പറഞ്ഞു. കൂടുതല്‍ എന്തെങ്കിലും നഷ്‌ടപ്പെട്ടിട്ടുണ്ടോ എന്നത് പരിശോധിക്കണമെന്നും വീട്ടുകാര്‍ പറഞ്ഞു. സംഭവത്തെതുടര്‍ന്ന് ചെറുതുരുത്തി പൊലീസ്‌, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്‌ദര്‍ എന്നിവര്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രദേശത്തെ സിസിടിവികള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.

കേരളത്തിലും തമിഴ്‌നാട്ടിലും സ്‌കൂളുകളും വീടുകളും കേന്ദ്രീകരിച്ച്‌ മോഷണം, പ്രതി പിടിയിൽ: കഴിഞ്ഞ സെപ്റ്റംബർ 26-ന് ആയാപറമ്പ് ഹൈസ്‌കൂളിലും, 29-ന് പത്തിയൂർ ഹൈസ്‌കൂളിലും, 30 - ന് വെട്ടിയാർ ടിഎം വർഗീസ് സ്‌കൂളിലും മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശി ജെസിം നൗഷാദ് (26) പൊലീസ് പിടിയിലായി. സെപ്റ്റംബർ 22 ന് തമിഴ്‌നാട്ടിൽ നിന്നും ബന്ധുവിന്‍റെ സ്‌കൂട്ടർ മോഷ്‌ടിച്ചു കേരളത്തിലേക്ക് കടന്ന ജെസിം പത്തനംതിട്ട ജില്ലയിലും, ആലപ്പുഴ ജില്ലയുടെ വിവിധ പ്രദേശങ്ങളിലും മോഷണം നടത്തി തമിഴ്‌നാട്ടിലേക്ക് കടന്നു കളയുകയായിരുന്നു (Theft concentrated in schools and homes). 

സെപ്റ്റംബർ 26 ന് വീയപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ ആയാപറമ്പ് സ്‌കൂൾ കുത്തി തുറന്നു ഡിജിറ്റൽ ക്യാമറയും ബ്ലൂടൂത്ത് സ്‌പീക്കറും പണവും മോഷ്‌ടിച്ച ജെസിം, പത്തനംതിട്ടയിലുള്ള സുഹൃത്തായ ഷാജഹാൻ എന്ന ആളുടെ വീട്ടിൽ താമസിക്കുകയും, ഷാജഹാന്‍റെ വീട്ടിൽ രണ്ട് ദിവസം താമസിച്ച ശേഷം തമിഴ്‌നാട്ടിൽ നിന്നും മോഷ്‌ടിച്ച സ്‌കൂട്ടർ ഷാജഹാന്‍റെ വീട്ടിൽ ഉപേക്ഷിച്ച ശേഷം ഷാജഹാന്‍റെ ബുള്ളറ്റും മൊബൈൽ ഫോണും മോഷ്‌ടിക്കുകയും, സെപ്റ്റംബർ 29 ന് കരീലകുളങ്ങര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പത്തിയൂർ ഹൈസ്‌കൂളിൽ കയറി ഓഫിസ് റൂമിന്‍റെ ലോക്ക് തകർത്തു ഡിജിറ്റൽ ക്യാമറയും, പണവും മോഷണം നടത്തുകയുമായിരുന്നു. 

പകൽ സമയങ്ങളിൽ ബീച്ചിലും മറ്റും സമയം ചിലവഴിച്ച പ്രതി സെപ്റ്റംബർ 30 ന് കുറത്തികാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കടന്ന് വെട്ടിയാർ ടിഎം വർഗീസ് സ്‌കൂളിൽ മോഷണം നടത്തിയിരുന്നു. ഇവിടെ നിന്നും 67,000 രൂപയും, സിസിടിവി ക്യാമറയും, ഡിവിആര്‍ തുടങ്ങി മറ്റു ചിലതും നഷ്‍ടമായിരുന്നു. കേരളത്തിലെ മോഷണങ്ങൾക്ക് ശേഷം പൊലീസ് അന്വേഷിക്കുന്നത് മനസിലാക്കിയ പ്രതി തമിഴ്‌നാട് ആറ്റാങ്കര പള്ളിവാസലിലേക്ക് കടക്കുകയായിരുന്നു. ശേഷം തമിഴ്‌നാട് കന്യാകുമാരി ഇരനിയേൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ വീടുകളിലും സ്‌കൂളിലും മോഷണം നടത്തി ബൈക്ക് മാർത്താണ്ഡത്ത് ഉപേക്ഷിച്ച ശേഷം മൊബൈൽ ഫോൺ ഓഫാക്കി രക്ഷപെടുകയായിരുന്നു. 

കായംകുളം ഡിവൈഎസ്‌പി അജയ്‌നാഥിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു കേരളത്തിലും, തമിഴ്‌നാട്ടിലുമായി അന്വേഷണം നടത്തി. പൊലീസ് പിന്തുടരുന്നത് മനസിലാക്കിയ പ്രതി തന്‍റെ വീട്ടിലേക്കു വരികയോ വീട്ടിൽ ഉള്ളവരുമായി ബന്ധപ്പെടുകയോ ചെയ്‌തില്ല. ശാസ്ത്രീയമായ അന്വേഷണത്തിൽ നിന്നും പ്രതി രാമേശ്വരത്ത് ഉണ്ടെന്നു മനസിലാക്കിയ പൊലീസ് ടീം പല ഗ്രൂപ്പുകളായി തിരിഞ്ഞു നടത്തിയ അന്വേഷണത്തിനൊടുവിൽ മധുര റെയിൽവേ സ്റ്റേഷൻ ഭാഗത്തു വെച്ച് മോഷണ സാധനങ്ങൾ വിൽക്കുന്നതിനിടയിൽ ജെസിംനെ പോലീസ് പിടികൂടുകയായിരുന്നു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.