KC Venugopal| കെ സി വേണുഗോപാലിന്‍റെ വീട്ടിൽ മോഷണ ശ്രമം; കള്ളൻ വീടിനുള്ളിൽ കടന്നത് ജനൽ കമ്പി വളച്ച് - Burglary attempt at KC Venugopal house
🎬 Watch Now: Feature Video
ആലപ്പുഴ : എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപിയുടെ വീട്ടിൽ മോഷണശ്രമം. ആലപ്പുഴയിലെ ചന്ദനക്കാവിലെ വീട്ടിലാണ് മോഷണശ്രമം നടന്നത്. സംഭവ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഇന്ന് സ്റ്റാഫ് അംഗങ്ങൾ വീട്ടിൽ എത്തിയപ്പോഴാണ് വിവരമറിഞ്ഞത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. വീടിന്‍റെ മുകളിലത്തെ നിലയിലെ മുറിയിൽ നിന്നും ഒരു ലാപ്ടോപ്പും മൊബൈൽ ഫോണും നഷ്‌ടപ്പെട്ടതായാണ് വിവരം. വീട്ടിൽ നിന്ന് കൂടുതൽ വസ്‌തുക്കൾ നഷ്‌ടമായോ എന്ന് പരിശോധിച്ച് വരുന്നു. വീടിന്‍റെ പുറക് വശത്തെ ജനലിന്‍റെ കമ്പി വളച്ചാണ് മോഷ്‌ടാവ് വീടിന്‍റെ ഉള്ളിൽ കടന്നത്. മുറികളിലെ അലമാരകൾ കുത്തിത്തുറന്ന നിലയിലാണ്. ഫയലുകളും വാരിവലിച്ചിട്ട നിലയിലാണ്. പൊലീസും, വിരലടയാള വിദഗ്‌ദരും സ്ഥലത്തെത്തി പരിശോധന നടത്തി. കെസി വേണുഗോപാലിന്‍റെ വീട് സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളിൽ അടുത്തിടെ മോഷണം പതിവായി മാറുകയാണെന്ന് നാട്ടുകാർ പറയുന്നു. പത്ത് ദിവസം മുൻപ് പ്രദേശത്തെ ഒരു വീട്ടിൽ നിന്ന് ഇരുപത് പവനോളം സ്വർണം കവർന്നതായും, ഒരു സ്‌ത്രീയുടെ കഴുത്തിൽ കുരുക്കിട്ട് മാല പൊട്ടിച്ചതായും നാട്ടുകാർ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.