അരിക്കുളത്തെ വിദ്യാര്‍ഥിയുടെ കൊലപാതകം : സത്യം പുറത്തുവന്നതില്‍ സന്തോഷമെന്ന് പ്രതി ഐസ്‌ക്രീം വാങ്ങിയ കടയുടെ ഉടമ ഇടിവി ഭാരതിനോട് - അഹമ്മദ് ഹസൻ റിഫായി
🎬 Watch Now: Feature Video
കോഴിക്കോട് : വിഷം കലര്‍ന്ന ഐസ്‌ക്രീം കഴിച്ച് കോഴിക്കോട് അരിക്കുളത്ത് 12കാരന്‍ മരിച്ച സംഭവത്തില്‍ ഇടിവി ഭാരതിനോട് പ്രതികരിച്ച് പ്രതി ഐസ്‌ക്രീം വാങ്ങിയ കടയുടെ ഉടമ. തങ്ങള്‍ വില്‍പന നടത്തിയ ഐസ്‌ക്രീമാണ് കുട്ടിയുടെ മരണത്തിന് ഇടയാക്കിയത് എന്ന തെറ്റിദ്ധാരണയില്‍ ജനങ്ങള്‍ തങ്ങളെയും സ്ഥാപനത്തെയും കുറ്റപ്പെടുത്തിയതായി ഉടമ കുഞ്ഞിമുഹമ്മദ് പറഞ്ഞു. സത്യം പുറത്തുവന്നതില്‍ ഏറെ സന്തോഷമുണ്ട്. പ്രതി കടയിലെത്തി ഐസ്‌ക്രീം വാങ്ങിയതുമായി ബന്ധപ്പെട്ട തെളിവുകള്‍ പൊലീസിന് കൈമാറിയെന്നും കുഞ്ഞിമുഹമ്മദ് ഇടിവി ഭാരതിനോട് പറഞ്ഞു. പൊലീസിന്‍റെ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ് വ്യാപാര സ്ഥാപനത്തിന്‍റെ പേരടക്കം പരാമര്‍ശിച്ച് ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിലുള്ള വേദനയും കുഞ്ഞിമുഹമ്മദ് പങ്കുവച്ചു.
കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു കേസിന് ആസ്‌പദമായ സംഭവം. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമ്മദ് ഹസൻ റിഫായി എന്ന 12കാരനാണ് പിതാവിന്‍റെ സഹോദരി വിഷം കലര്‍ത്തിയ ഐസ്‌ക്രീം കഴിച്ച് മരിച്ചത്. ഐസ്‌ക്രീം കഴിച്ചതിനെ തുടര്‍ന്ന് കുട്ടി ഛര്‍ദിച്ച് അവശനായതോടെ ഐസ്‌ക്രീം വിറ്റ കുഞ്ഞിമുഹമ്മദിന്‍റെ കടയ്‌ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. കാലാവധി കഴിഞ്ഞ ഐസ്‌ക്രീമാണ് കടയില്‍ നിന്ന് വിറ്റത് എന്നും ആക്ഷേപമുയര്‍ന്നു.
എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് കുട്ടിയുടെ മരണകാരണം അമോണിയം ഫോസ്‌ഫറസ് ആണെന്ന് വ്യക്തമായത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടിയുടെ പിതാവിന്‍റെ സഹോദരി താഹിറയിലേക്ക് പൊലീസ് എത്തിയത്. സഹോദരന്‍റെ ഭാര്യയെ കൊലപ്പെടുത്താന്‍ വേണ്ടിയാണ് ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തിയത് എന്നും ഇവര്‍ വീട്ടില്‍ ഇല്ലാതിരുന്നതിനാല്‍ മകന്‍ അത് കഴിക്കുകയായിരുന്നു എന്നും താഹിറ പൊലീസിനോട് പറഞ്ഞു. വ്യക്തി വൈരാഗ്യമാണ് കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചത് എന്നാണ് ചോദ്യം ചെയ്യലില്‍ താഹിറ പറഞ്ഞത്. ഇവര്‍ മാനസിക പ്രശ്‌നം നേരിടുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു.