60 അടി താഴ്‌ചയുള്ള കുഴിയിൽ പരിശോധന നടത്തുന്നതിനിടെ മണ്ണിടിഞ്ഞ് എഞ്ചിനീയർ അകപ്പെട്ടു ; രക്ഷാപ്രവർത്തനം തുടരുന്നു - കുഴിയിൽ വീണു
🎬 Watch Now: Feature Video
ജലന്ധർ : പില്ലറിന് വേണ്ടിയെടുത്ത കുഴിയിൽ പരിശോധന നടത്തുന്നതിനിടെ എഞ്ചിനീയർ മണ്ണിനടിയിൽപ്പെട്ടു. ജലന്ധറിലെ കർതാർപൂർ പ്രദേശത്തെ ബസ്രാംപൂർ ഗ്രാമത്തിന് സമീപം ഡൽഹി-ജമ്മു-കത്ര എക്‌സ്‌പ്രസ്‌വേയിൽ ജോലി ചെയ്യുകയായിരുന്ന എഞ്ചിനീയർ 60 അടി താഴ്‌ചയുള്ള കുഴിയിലാണ് അകപ്പെട്ടത്. ഇന്നലെ രാത്രി 10 മണിക്കാണ് സംഭവം. സുരേഷ് യാദവാണ് കുഴിയിൽ അകപ്പെട്ടത്. ജോലി ചെയ്യുന്നതിനിടെ കുഴിയിലെ മണ്ണിടിഞ്ഞതാണ് അപകടത്തിന് ഇടയാക്കിയത്. കുഴിയിലിറങ്ങി എഞ്ചിനീയർ പരിശോധന നടത്തുന്നതിനിടെ ചുറ്റുമുള്ള മണ്ണിടിഞ്ഞ് വീഴുകയും സുരേഷ് അകപ്പെടുകയുമായിരുന്നു. സ്ഥലത്തുണ്ടായിരുന്ന മറ്റ് തൊഴിലാളികൾ വിവരം ദുരിതാശ്വാസ സംഘത്തെ അറിയിച്ചു. ഉടൻ തന്നെ ദുരിതാശ്വാസ സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കുഴിയിൽ വീണ ഇദ്ദേഹത്തെ ഇതുവരെ പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. മന്ത്രി ബൽക്കർ സിങ് സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. രക്ഷാപ്രവർത്തനം വേഗത്തിലും ശ്രദ്ധയോടെയും നടത്താൻ മന്ത്രി അധികൃതര്‍ക്ക് നിർദേശം നൽകുകയും ചെയ്‌തു. മന്ത്രിക്കൊപ്പം നഗരസഭ അധ്യക്ഷൻ സുരീന്ദർപാൽ, ജില്ല അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ, ജില്ലയിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവരും സംഭവസ്ഥലം സന്ദർശിച്ചു.
Also read : മൂന്ന് ദിവസത്തെ രക്ഷപ്രവർത്തനം, നാടൊന്നിച്ചു, പൊലീസും ഫയർഫോഴ്‌സും ഒപ്പം ചേർന്നു, പക്ഷേ ജീവൻ രക്ഷിക്കാനായില്ല