സൈക്കിളില്‍ സഞ്ചരിക്കവെ വിദ്യാര്‍ഥിനികളുടെ ഇടയിലേക്ക് ഇടിച്ചുകയറി ബൊലേറോ; അപകടത്തില്‍ 7 പേര്‍ക്ക് ഗുരുതരപരിക്ക് - ബൊലേറോ
🎬 Watch Now: Feature Video
ബെട്ടിയ (ബിഹാര്‍): കോച്ചിങ് ക്ലാസിലേക്ക് തിരിച്ച വിദ്യാര്‍ഥിനികളെ ഇടിച്ചുതെറിപ്പിച്ച് വാഹനം. ബെട്ടിയ-ലൗറിയ ദേശീയപാതയിൽ ചൊവ്വാഴ്‌ച രാവിലെയാണ് കോച്ചിങ് ക്ലാസിലേക്കിറങ്ങിയ 10 ആം ക്ലാസ് വിദ്യാര്‍ഥിനികളെ പാഞ്ഞെത്തിയ ബൊലേറോ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തില്‍ 6 പെണ്‍കുട്ടികള്‍ക്കും റോഡിലൂടെ നടന്നുപോവുകയായിരുന്ന ഒരാള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
സൈക്കിളില്‍ പോവുകയായിരുന്ന പെണ്‍കുട്ടികളുടെ ഇടയിലേക്ക് ബെലേറോ ജീപ്പ് അമിതവേഗത്തിലെത്തി ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വിദ്യാര്‍ഥിനികളില്‍ ഒരാള്‍ ബെലേറോയുടെ ബോണറ്റിലേക്ക് തെറിച്ചുവീഴുകയും ഈ കുട്ടിയെയും വഹിച്ച് വാഹനം 20 അടിയോളം മുന്നോട്ടുപോവുകയും ചെയ്‌തിരുന്നു. അപകടത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ ഒരുമിച്ച് കൂടി ഡ്രൈവറെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
ബെലേറോ ഡ്രൈവറെ ചോദ്യം ചെയ്‌ത് വരികയാണെന്നും വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഇയാള്‍ വിദ്യാര്‍ഥിനികള്‍ക്കിടയിലേക്ക് വാഹനമിടിച്ച് കയറ്റിയതെന്നാണ് വ്യക്തമായതെന്നും ലൗറിയ പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് കൈലാഷ് മഹാതോ പറഞ്ഞു. അപകടത്തില്‍ സന്ധ്യ കുമാരി, ലസ്‌ന കുമാരി, അഞ്ജലി കുമാരി, മംമ്ത കുമാരി, ഛോട്ടി കുമാരി, പൂജ കുമാരി, രൂപേഷ് കുമാർ എന്നിവര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവര്‍ നിലവില്‍ ബെട്ടിയ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.